വാഷിംഗ്ടൺ: ഇന്ത്യയുടെ വളർച്ച ആഗോള ശരാശരിക്കും മേലെയെന്ന് അന്താരാഷ്ട്ര നാണയ നിധി. 2023ലെ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനം ഇന്ത്യ ഒറ്റയ്ക്ക് സംഭാവന ചെയ്യുമെന്ന് ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്ഥിതി മികച്ച നിലയിലാണെന്നും അവർ പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ 6.8 ശതമാനം വളർച്ച നേടും. വരുന്ന സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വളർച്ചാ നിരക്ക് 6.1 ശതമാനമാണ്. ലോകത്തിലെ മറ്റ് മുൻനിര സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ വേഗത്തിലുള്ള വളർച്ചയാണെന്നും ക്രിസ്റ്റലീന വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സാമ്പത്തിക രംഗത്തെ ഡിജിറ്റലൈസേഷനും കറൻസി രഹിത ഇടപാടുകൾക്ക് നൽകുന്ന പ്രോത്സാഹനവുമാണ് ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാക്കുന്നത്. കൊവിഡ് കാലത്ത് മറ്റ് രാജ്യങ്ങൾ ആശങ്കാകുലരായപ്പോഴും, ഡിജിറ്റലൈസേഷന്റെ കരുത്തിൽ ഇന്ത്യ പിടിച്ചു നിന്നു. ലോക്ക് ഡൗൺ കാലത്ത് ഓഹരി വിപണിയുടെ സാദ്ധ്യതകൾ മനസിലാക്കിയ ഇന്ത്യൻ യുവാക്കൾ, ഇന്ന് മികച്ച നിക്ഷേപകരായി വളർന്നുവെന്നും ഐ എം എഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.
സാമ്പത്തിക രംഗത്തെ ഡിജിറ്റൽവത്കരണം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സഹായകമായി. സാഹചര്യങ്ങൾ കൃത്യമായി പഠിച്ച് സാമ്പത്തിക നയങ്ങളിൽ കാലാകാലങ്ങളിൽ ഇന്ത്യ ചടുലമായ മാറ്റങ്ങൾ വരുത്തി. ഇന്ത്യയുടെ ഓരോ വർഷങ്ങളിലെയും വ്യത്യസ്തമായ ബജറ്റുകൾ അതിനുള്ള ഉദാഹരണമാണ്. മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കാതെ, ആ സാഹചര്യത്തെയും അവസരമാക്കി മാറ്റാനുള്ള നയങ്ങളാണ് ഇന്ത്യ വിജയകരമായി നടപ്പിലാക്കിയതെന്നും ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.
Discussion about this post