കൊച്ചി: നിർവാൺ സാരംഗ് എന്ന ഒന്നരവയസുകാരന് ഇനി പിച്ച വച്ചുനടക്കുന്ന സ്വപ്‌നങ്ങൾ ധൈര്യമായി കാണാം. ചികിത്സയ്ക്കാവശ്യമായ 17.5 കോടി രൂപ സമാഹരിച്ചു. എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനായി നാടൊന്നാകെ കൈ കോർക്കുകയായിരുന്നു.
നന്മ വറ്റിയിട്ടില്ലെന്ന് തെളിയിച്ച് ഓരോരുത്തരും തങ്ങൾക്കാവുന്ന രീതിയിലുള്ള തുക നൽകി കുഞ്ഞിന്റെ സ്വപ്നങ്ങളോടൊപ്പം നിന്നു. 11 കോടി നൽകി അജ്ഞാതനായ ആ മനുഷ്യനും ന്നരവയസുകാരനെ ചേർത്ത് പിടിച്ചപ്പോൾ ധനസമാഹാരണം വേഗത്തിലായി.
ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നായ സോൾജൻസ്മ എന്ന മരുന്നിന് വേണ്ടിയായിരുന്നു ഒരു മാസം മുൻപ് മുംബൈയിൽ എഞ്ചിനീയർമാരായ സാരംഗും ഭാര്യ ആദിത്യയും സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചത്.
മുംബൈ ഹിന്ദുജ നാഷണൽ ഹോസ്പിറ്റലിൽ ആണ് ചികിത്സ. എസ്എംഎ ടൈപ്പ് 2 ആയതിനാൽ സോൾജൻസ് കുത്തിവയ്പ് രണ്ട് വയസ് തികയും മുൻപ് നൽകണം. കുഞ്ഞിന്റെ നട്ടെല്ലിന് 19 ഡിഗ്രി വളവ് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം മസിലുകൾക്ക് നാൾക്കുനാൾ ബലക്കുറവും ഏറുന്നുവെന്ന് മാതാപിതാക്കൾ ലോകത്തെ അറിയിക്കുകയായിരുന്നു. നിർവാൺ മറ്റെല്ലാ കുഞ്ഞുങ്ങളെ പോലെ ഓടിച്ചാടി നടക്കാൻ കൊതിച്ച് സുമനസുകൾ കൈ കോർക്കുകയായിരുന്നു.
Discussion about this post