മലപ്പുറം: മലപ്പുറത്ത് 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവിനെ ശിക്ഷിച്ച് കോടതി. മഞ്ചേരി പോക്‌സോ അതിവേഗ കോടതിയാണ് പ്രതിയ്ക്ക് 27 വർഷം തടവിനും 87,500 രൂപ പിഴയടക്കാനും വിധിച്ചത്. പെൺകുട്ടിയുടെ പിതൃസഹോദര പുത്രനായ 26കാരനെയാണ് ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. 2015 ഒക്ടോബർ 18നും 2016 ഡിസംബർ 18നും കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി ഡിസംബർ 28ന് കുട്ടിക്ക് മയക്കു മരുന്നു നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ പിതാവ് മരണപ്പെട്ട ദിവസം ഖബറടക്കം നടത്താൻ തീരുമാനിച്ച് മൃതദേഹം ഹാളിൽ കിടത്തിയിരിക്കുന്ന സമയത്താണ് തൊട്ടടുത്ത മുറിയിൽ വച്ച് പ്രതി കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ബന്ധുക്കളും വീട്ടുകാരും ക്ഷീണം കൊണ്ട് ഓരോ മുറികളിൽ ഉറങ്ങുന്ന സമയത്തായിരുന്നു ഇത്.
പിന്നീട് കുട്ടിയുടെ അമ്മ ജോലിക്ക് പോകുമ്പോൾ വീട്ടിലേക്ക് ഉപദ്രവിക്കാനായി എത്തി.2016 ഡിസംബർ 18ന് വീട്ടിൽ തനിച്ചിരിക്കുമ്പോൾ വീട്ടിലേക്ക് കയറി വന്ന പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുതറി പുറത്തേക്കോടിയ കുട്ടിയെ പ്രതി മുറ്റത്തുവെച്ച് വീണ്ടും പിടികൂടി പീഡനത്തിനിരയാക്കി. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ പ്രതിയുടെ കൈക്ക് കടിച്ചാണ് കുട്ടി ഓടി രക്ഷപ്പെട്ടത്. തുടർന്ന് ക്ഷീണിതയായി കണ്ടെത്തിയ കുട്ടിയെ കൗൺസിലിംഗിന് വിധേയ ആക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്.
Discussion about this post