കൊച്ചി : കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ തട്ടിപ്പ് നടന്നതായി വിജിലൻസ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ ഗുരുവായൂർ ദേവസ്വം അതിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടൻ തിരിച്ചു നൽകണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി). ഭക്തജനങ്ങളിൽ നിന്നും കാണിക്കയായി കിട്ടിയ ധനം നിയമ വിരുദ്ധമായി ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത നടപടിയെ ചോദ്യം ചെയ്ത് പൊതു താല്പര്യ ഹർജി സമർപ്പിച്ചിരുന്നുവെന്ന് ഡി എസ് ജെ പി പ്രസിഡന്റ് കെ എസ് ആർ മേനോൻ പ്രസ്താവനയിൽ പറഞ്ഞു.
ദേവസ്വം നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയും നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി ഒരു നല്ല കാര്യത്തിനല്ലേ എന്ന് പറഞ്ഞു കേസ് തീർപ്പാകുന്നത് വരെ തൽസ്ഥിതി പാലിക്കാൻ വിധി പറഞ്ഞു. ഇപ്പോൾ ഫണ്ട് തിരിമറി പുറത്ത് വന്ന സാഹചര്യത്തിൽ തങ്ങൾ സമർപ്പിച്ച പൊതു താൽപര്യ ഹർജി ശരിയാണെന്ന് തെളിഞ്ഞിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ കേരള സർക്കാർ ഗുരുവയൂരപ്പന്റെ ധനം ക്ഷേത്രത്തിലേക്ക് തിരിച്ചു നൽകണമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ദുരിതാശ്വാസത്തിന് അമ്പലങ്ങളെ മാത്രം ലക്ഷ്യമാക്കുന്നത് ശരിയല്ലെന്നും ഡി എസ് ജെ പി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ നിധിയിൽ നിന്ന് സമ്പന്നനായ വിദേശമലയാളിക്ക് 3 ലക്ഷം രൂപയും, 1500 കള്ള മെഡിക്കൽ സർട്ടിഫിക്കേറ്റുകൾ നൽകി അനർഹർക്കും പാർട്ടി അനുഭാവികൾക്കും ആയിരക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായവും നൽകിയത് കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കയാണ്. അതിന് ദേവസ്വം ഫണ്ട് ദുരുപയോഗപ്പെടുത്തിയത് ഹിന്ദുക്കളെ മാത്രമല്ല എല്ലാ സമുദായങ്ങളെയും വേദനിപ്പിച്ചുവെന്ന് പാർട്ടി പ്രസ്താവന അറിയിച്ചു.
Discussion about this post