തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി പിണറായി വിജയൻ. എന്തെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ചെറിയ ഒരു വിഭാഗത്തിന് ഉണ്ട്. തെറ്റിദ്ധരിപ്പിക്കാമെന്നും ആരും തിരിച്ചറിയില്ലെന്നുമുള്ള തോന്നൽ തെറ്റാണ്. ഇത്തരം ആളുകളെ കുറിച്ചുള്ള അന്വേഷണം സർക്കാർ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കളങ്കമുണ്ടാക്കുന്ന വ്യക്തികളെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതാശ്വാസനിധിയിലെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം.
വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. പൊതുജനങ്ങളെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ല. അവരെ പുഴുക്കുത്തുകളായി കരുതുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നടന്ന വ്യാപക തട്ടിപ്പുകൾ പുറത്ത് വരികയാണ്. തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും. പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതേവരെ നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളിൽ പോലും ഒരേ ഏജൻറിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടർ തന്നെ നിരവധി പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. വലിയ വരുമാനമുളളവർക്കും വരുമാനം താഴ്ത്തിയുള്ള സർട്ടിഫിക്കറ്റുകളാണ് തട്ടിപ്പിനായി നൽകിയത്.
Discussion about this post