മലപ്പുറം: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെയെത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വകാര്യ വ്യക്തി സ്‌കൂൾ മാനേജ്‌മെന്റിന് വാടകയ്ക്ക് കൊടുത്ത ബസ് ആണ് ഉപയോഗിച്ചത് എന്നും, ബസിന് വാടക നൽകിയതായും എം.വി.ഗോവിന്ദൻ പറഞ്ഞു. ബസിന്റെ പെർമിറ്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പേരാമ്പ്ര പ്ലാന്റേഷൻ ഗവൺമെന്റ് ഹൈസ്‌കൂളിലെ ബസാണ് സി.പി.എമ്മിന്റെ പ്രതിരോധ ജാഥയ്ക്ക് ഉപയോഗിച്ചത്. സ്‌കൂൾബസ് ബാനറും കൊടിയും കെട്ടി ഓടിച്ചത് നിയമവിരുദ്ധമാണെന്ന് കാട്ടി യൂത്ത് കോൺഗ്രസ് ഡിഡിഇയ്ക്ക് പരാതി നൽകിയിരുന്നു. സിപിഎം പരിപാടിക്ക് സ്‌കൂൾ ബസ് ഉപയോഗിച്ചതിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് എം.വി.ഗോവിന്ദൻ വിശദീകരണവുമായി രംഗത്തെത്തിയത്.
ബസിന് വാടക നൽകിയാണ് സിപിഎം പാർട്ടി പരിപാടിക്ക് സർവീസ് നടത്തിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റേയും വാദം. ജനകീയ കമ്മിറ്റി വാടകയ്ക്ക് എടുത്ത സ്വകാര്യ വ്യക്തിയുടെ ബസ് ആണ് സ്‌കൂളിന് വേണ്ടി ഓടുന്നത്. സ്‌കൂൾ സർവീസ് നടത്തിയ ശേഷം ബസ് വാടകയ്ക്ക് ഓട്ടം പോകാറുണ്ടെന്നും പ്രസിഡന്റ് പറയുന്നു.
Discussion about this post