കൊച്ചി: ആധുനിക കൃഷി രീതികൾ പഠിക്കാൻ ഇസ്രയേലിലേക്ക് പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകനായ ബിജു കുര്യൻ നാളെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നും നാളെ പുലർച്ചെ കേരളത്തിൽ എത്തുമെന്നുമാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ വേണ്ടി ഇയാൾ സംഘത്തിൽ നിന്ന് വിട്ടു സഞ്ചരിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആദ്യത്തെ ദിവസം ബിജു ജറുസലേം സന്ദർശിച്ചു, പിറ്റേന്ന് ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തോടൊപ്പം ചേർന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. അതിനിടെ പ്രതിനിധി സംഘം കേരളത്തിലേക്ക് തിരികെ പോവുകയായിരുന്നു എന്നും ബിജു പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കാണാതാകലുമായി ബന്ധപ്പെട്ട് നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ ബിജു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൃഷിമന്ത്രി പി പ്രസാദ് ഉൾപ്പെടെയുള്ളവരോട് ബിജു മാപ്പ് ചോദിച്ചതായും ബഹ്‌റൈൻ വഴി കേരളത്തിലെത്താനുള്ള ശ്രമത്തിലാണെന്നും ബിജുവുമായി ബന്ധമുള്ളവർ അറിയിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മറ്റൊരു ദേശീയ മാദ്ധ്യമം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കണ്ണൂർ ഇരുട്ടി സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 17ന് രാത്രി ഏഴ് മണിയോടെയാണ് കാണാതായത്. ഹെർസ്ലിയ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് ബിജുവിനെ കാണാതായത്. ബിജുവിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ വിസ റദ്ദാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയായിരുന്നു. താൻ സുരക്ഷിതനാണ് എന്ന മെസേജിന് ശേഷം കുടുംബത്തിനും ബിജുവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഈ മാസം 12നാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേലിലേക്ക് പോയത്.
Discussion about this post