ബ്യൂണസ് ഐറിസ് : കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിൽ കണ്ടെത്തി. അർജന്റീനയുടെ തെക്കൻ തീരമായ ചുബുടിലാണ് സംഭവം. ഡിയേഗോ ബാരിയയുടെ (32) ശരീരാവശിഷ്ടങ്ങളാണ് മത്സ്യത്തൊഴിലാളികൾ പിടികൂടിയ സ്രാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത്.
ഫെബ്രുവരി 18 നാണ് ഡിയേഗോയെ കാണാതായത്. ചുബുട് പ്രവിശ്യയിലൂടെ ബൈക്ക് ഓടിച്ചുപോയ ഇയാൾ തിരിച്ചെത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം വാഹനം പൊട്ടിപ്പൊളിഞ്ഞ നിലയിൽ കണ്ടെത്തിയെങ്കിലും യുവാവിനെ കണ്ടുപിടിക്കാനായില്ല. തുടർന്ന് ഇയാൾക്ക് വേണ്ടി ശക്തമായ തിരച്ചിൽ നടത്തിയിരുന്നു.
പത്ത് ദിവസത്തിന് ശേഷം രണ്ട് മീൻപിടുത്തക്കാർ മൂന്ന് സ്രാവുകളെ പിടികൂടി. ഇതിൽ ഒന്നിനെ മുറിച്ച് നോക്കിയപ്പോഴാണ് സ്രാവിന്റെ വയറ്റിൽ നിന്ന് മനുഷ്യന്റെ കൈ ലഭിച്ചത്. തുടർന്ന് ഇവർ കോസ്റ്റ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു. ബാരിയയുടേതാണെന്ന് സംശയം തോന്നിയതോടെ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. കൈയ്യിലെ ടാറ്റൂ കണ്ടാണ് ഇത് ബാരിയയാണെന്ന് ഉറപ്പിച്ചത്.
ബാരിയ തീരത്ത് കൂടെ സഞ്ചരിക്കുന്നതിനിടെ വലിയ തിരമാലകൾ ഉണ്ടായിരുന്നു. തിരയിൽ പെട്ട് കടലിൽ മുങ്ങിയ യുവാവിനെ സ്രാവ് പിടികൂടിയതാകാം എന്നാണ് നിഗമനം. ഡിഎൻഐ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post