തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടമായത് മുഖ്യമന്ത്രി പിണറായി വിജയനുളള താക്കീതാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. 5 സീറ്റുകൾ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയതെന്നും കെ സുധാകരൻ പറഞ്ഞു.
അടിമുടി ജനദ്രോഹ സമീപനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി വിജയന് ഉള്ള താക്കീതാണ് പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പോലും പ്രതിഫലിച്ചിരിക്കുന്നത്. യുഡിഎഫിന് തോൽവി സംഭവിച്ചിടങ്ങളിൽ പോലും മിന്നുന്ന പോരാട്ടമാണ് സ്ഥാനാർത്ഥികൾ കാഴ്ചവെച്ചതെന്നും സുധാകരൻ പറഞ്ഞു.
കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയമാണ് ലഭിച്ചത്.
632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുത്തത്. കടപ്ലാമറ്റം വയലാ ടൗൺ വാർഡ്, തൃത്താല പഞ്ചായത്ത് നാലാംവാർഡ് എന്നിവയും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.
രണ്ട് സീറ്റുകൾ പിടിച്ചെടുത്തത് ഉൾപ്പെടെ വടക്കൻ കേരളത്തിൽ എട്ട് വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. ആറിടത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി. ചെറുവണ്ണൂർ കക്കറമുക്ക് വാർഡും വയനാട് നഗരസഭയിലെ പാളാക്കര ഡിവിഷനുമാണ് യുഡിഎഫ് പിടിച്ചെടുത്തത്.
ഇടുക്കിയും കാസർഗോഡും ഒഴികെയുളള ജില്ലകളിലെ ഒഴിവുളള വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Discussion about this post