വാഷിംഗ്ടൺ: വുഹാനിലെ ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ലാബിൽ നിന്നാണ് കോവിഡ്-19 വൈറസ് പടർന്നതെന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ ക്രിസ്റ്റഫർ വ്രെ. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് ക്രിസ്റ്റഫർ വ്രെ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
പകർച്ചവ്യാധിയുടെ ഉത്ഭവം വുഹാനിലെ ലബോറട്ടറി ആണെന്ന് എഫ്ബിഐ യ്ക്ക് സംശയമുണ്ടായിരുന്നു. കുറച്ചുകാലമായി ഇക്കാര്യങ്ങൾ വിലയിരുത്തി അന്വേഷണവും പഠനവും നടത്തിവരികയാണ്. യുഎസ് സർക്കാരും നടത്തുന്ന അന്വേഷണങ്ങളെ അട്ടിമറിക്കാനായി ചൈന വളരെ കാലമായി ശ്രമിക്കുന്നുണ്ട്.
കോവിഡ് പോലെയുള്ള നോവൽ വൈറസുകൾ ഉൾപ്പെടുന്ന ജീവശാസ്ത്ര പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പെഷ്യലിസ്റ്റുകൾ എഫ്ബിഐയിലുണ്ട്. അവരെ ചില ശത്രുരാജ്യങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ക്രിസ്റ്റഫർ വ്രെ പറഞ്ഞു.
വുഹാനിലെ മൃഗങ്ങൾക്കുൾപ്പെടെ വൈറസ് ബാധ ഉണ്ടായിരുന്നു. സമുദ്രവിഭവങ്ങളിലും വന്യജീവി വിപണിയിലും വൈറസ് ബാധയുണ്ടായിട്ടുണ്ട്. കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം നടത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് 40 മിനിറ്റ് അകലെയാണ് മാർക്കറ്റ്. അതാണ് വൈറസ് പടർന്നുപിടിക്കാൻ കാരണമായത്. അതേ സമയം വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണ പ്രവർത്തനങ്ങൾ തടയാൻ ചൈനീസ് സർക്കാർ ശ്രമിക്കുന്നതായും എഫ്ബിഐ മേധാവി പറഞ്ഞു.
കോവിഡ് എങ്ങനെയാണ് ആരംഭിച്ചതെന്ന് കണ്ടെത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പ്രസിഡന്റ് ജോ ബൈഡൻ പിന്തുണയ്ക്കുന്നുവെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും യുഎസിൽ വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
2019 അവസാനത്തോടെയാണ് കൊറോണ വൈറസ് വ്യാപനം ഉണ്ടായത്. ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷം ആളുകൾക്കാണ് വൈറസ് വ്യാപനത്തിൽ ജീവൻ നഷ്ടമായത്.എന്നാൽ എഫ്ബിഐയുടെ ലാബ് ചോർച്ച സിദ്ധാന്തം ചൈന നിഷേധിച്ചു.
Discussion about this post