കണ്ണൂർ: കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. എൽഡിഎഫ് കൺവീനറായ ഇപി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് പരിശോധന നടക്കുന്ന വൈദേകം. ഇപിയുടെ മകനും നിക്ഷേപമുള്ള റിസോർട്ടാണിത്.
റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ ഇഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ റിസോർട്ടുമായി ബന്ധപ്പെട്ടാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇ.പി.ജയരാജനെതിരെ പാർട്ടിയിൽ ഉയർന്നത്.
ഉച്ചയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ടെന്നാണ് വിവരം.
മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് ഇ പി ജയരാജന്റെ വൈദേകം ആയുർവേദ വില്ലേജ്. 2014ൽ ഇപി ജയരാജന്റെ മകൻ പികെ ജെയ്‌സണും തലശ്ശേരിയിലെ വ്യവസായി കെപി രമേശ് കുമാറും ഡറക്ടർമാരായാണ് വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്.
ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയായിരുന്നു നിർമ്മാണം. ഇതിനിടെ വിമർശനങ്ങൾ ഉയർന്നെങ്കിലും ഇപി ഇടപെട്ട് എല്ലാം ഒതുക്കി തീർക്കുകയായിരുന്നു. 30 കോടിയാണ് നിക്ഷേപം.
Discussion about this post