ചിലരെയൊക്കെ കണ്ടിട്ട്, ശ്ശോ ഇവര്‍ക്ക് എന്തൊരു ബുദ്ധിയാ, എനിക്കീ ബുദ്ധിയെന്താ തോന്നാത്തേ എന്ന് ചിന്തിച്ചിട്ടുണ്ടോ. ബുദ്ധിശക്തി അങ്ങനെ എല്ലാവര്‍ക്കും ഒരുപോലെ കിട്ടില്ല. വളരെ സങ്കീര്‍ണ്ണവും അപൂര്‍വ്വവുമായ ഒരു കഴിവാണത്. ചിലര്‍ ജനിക്കുമ്പോള്‍ തന്നെ ബുദ്ധിസാമര്‍ത്ഥ്യമുള്ളവരായിരിക്കും. എന്നാല്‍ ചിലര്‍ അതിനായി പ്രയത്‌നിച്ച് ബുദ്ധിശക്തി ആര്‍ജ്ജിക്കും. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തി അല്ലെങ്കില്‍ ചില പുതിയ ശീലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നമ്മുടെ ബുദ്ധിവൈഭവത്തെ മെച്ചപ്പെടുത്താനാകും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പോലെയോ സ്റ്റീഫന്‍ ഹോക്കിംഗിനെ പോലെയോ ബുദ്ധി കൈവരിക്കാമെന്നല്ല. നമ്മുടെ ബുദ്ധിശക്തിയുടെ പരമാവധി ഉപയോഗപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്താം. അതിന് സഹായിക്കുന്ന വളരെ ലളിതമായ ചില ശീലങ്ങളാണ് താഴെ.
വായന
നിരന്തരം വായിക്കുന്നത് പോലെ ബുദ്ധിശക്തിയെ ഉണര്‍ത്തുന്ന ഏറ്റവും ലളിതവും എന്നാല്‍ ശക്തവുമായ മറ്റൊരു മാര്‍ഗ്ഗമില്ല. നമ്മുടെ ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനും അറിവ് വര്‍ധിപ്പിക്കാനും വായന ഏറെ സഹായകരമാകും. മാത്രമല്ല നല്ല വായനാശീലങ്ങളും കഴിവുകളും വളര്‍ത്തിയെടുക്കാനും പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ലഭിക്കാനും വായന ഉപകാരപ്രദമാകും. ചിന്താശേഷി മെച്ചപ്പെടുത്താനും സര്‍ഗാത്മക ചിന്തയെ ഉണര്‍ത്താനും വായന നല്ലതാണ്.
വ്യായാമം
വ്യായാമം ശരീരത്തിന് മാത്രമല്ല, ബുദ്ധിക്കും ഉണര്‍വ്വേകും. ദിവസവും വ്യായാമത്തിലേര്‍പ്പെടുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്താനും തിരിച്ചറിയലുമായി (കൊഗ്നിറ്റീവ്) ബന്ധപ്പെട്ട ശേഷികള്‍ മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല സ്‌ട്രെസ്സും ഉത്കണ്ഠയും കുറയ്ക്കാനും ചിന്താശേഷി മെച്ചപ്പെടുത്താനും വ്യായാമം നല്ലതാണ്.
നല്ല ഉറക്കം
മതിയായ വിശ്രമം നല്‍കിയെങ്കിലേ തലച്ചോറിന് മികച്ച രീതിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. രാത്രിയില്‍ നല്ല ഉറക്കം കിട്ടിയെങ്കിലേ എല്ലാ വിവരങ്ങളും അറിവുകളും അപഗ്രഥിക്കാന്‍ തലച്ചോറിന് സാധിക്കൂ. ഉറക്കത്തിലൂടെ തലച്ചോറിന് മതിയായ വിശ്രമം ലഭിക്കുന്നു. ഉറക്കത്തിലൂടെ ശരീരമൊന്നാകെ സ്ട്രസ്സ്മുക്തമാകുന്നു.
തലച്ചോറിന് വെല്ലുവിളികള്‍ നല്‍കുക
പുതിയ ആക്ടിവിറ്റികളും ടാസ്‌കുകളും നല്‍കി തലച്ചോറിന് അല്‍പ്പം വെല്ലുവിളികള്‍ നല്‍കുക. ഇത് കോഗ്നിറ്റീവ് ശേഷികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉദാഹരണത്തിന് പുതിയൊരു ഭാഷ പഠിക്കുക അല്ലെങ്കില്‍ പുതിയൊരു ശീലം തുടങ്ങുക വഴി നിങ്ങള്‍ക്കുള്ളിലെ തന്നെ പുതിയൊരു കഴിവിനെ കണ്ടെത്താന്‍ സാധിച്ചേക്കും. അത് മൊത്തത്തിലുള്ള ബുദ്ധിശക്തിക്കും നേട്ടമാകും.
മനസ് ശാന്തമാക്കുക
മെഡിറ്റേഷന്‍ പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ മനസ്സിനെ പരാമവധി ശാന്തമാക്കി വെക്കുകയാണ് ബുദ്ധിശക്തി മെച്ചപ്പെടുത്താനുള്ള മറ്റൊരു മാര്‍ഗ്ഗം. കലുഷിതമായ മനസ് ബുദ്ധിയെയും ബാധിക്കും. ഏകാഗ്രത വര്‍ധിപ്പിക്കാനും വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും ശ്രദ്ധ നല്‍കാനും സമാധാനപൂര്‍ണ്ണമായ മനസ് കൂടിയേ തീരു.
ജിജ്ഞാസ കാത്തുസൂക്ഷിക്കുക
കുട്ടികളെ കണ്ടിട്ടില്ലേ, അവരെപ്പോഴും ജിജ്ഞാസയുള്ളവരായിരിക്കും. ചുറ്റുമുള്ളതെല്ലാം എന്തൊക്കെയാണെന്ന് അറിയാനുള്ള അവേശമാണ് പിന്നീടവര്‍ക്ക് ഓരോ അറിവുകളും സ്വന്തമാക്കാന്‍ ഇന്ധനമാകുന്നത്. അതുപോലെ എപ്പോഴും ജിജ്ഞാസയുള്ളവരായിരുന്നാല്‍, പുതിയ അറിവുകള്‍ സ്വാഭാവികമായും വന്നുചേരും. പുതിയൊരു വസ്തുവിനെ അല്ലെങ്കില്‍ ഒരു കാര്യം കാണുമ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കുക, സംശയങ്ങള്‍ക്കുള്ള ഉത്തരം തേടുക. അല്ലാതെ അതിപ്പോള്‍ എന്തെങ്കിലും ആകട്ടെ എന്ന് കരുതിയാല്‍ ഒരറിവും നിങ്ങളെ തേടി വരില്ല.
Discussion about this post