പത്തനംതിട്ട: മണൽകടത്ത് കാരിൽ ഭീഷണിപ്പെടുത്തി സംഭാവന വാങ്ങാൻ ശ്രമിച്ച ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ നടപടിയുമായി സിപിഎം. അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു മണൽ മാഫിയയോട് അരുൺ മാത്യു പണം ആവശ്യപ്പെട്ടത്. ഇത് പുറത്തറിയുകയും വലിയ വിവാദമാകുകയും ചെയ്തതോടെ അച്ചടക്ക നടപടി ചർച്ച ചെയ്യാൻ തോട്ടപ്പുഴശ്ശേരി ലോക്കൽ കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരുകയായിരുന്നു. ഇതിലാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടിയായിരുന്നു അരുൺ സംഭാവന ആവശ്യപ്പെട്ടത്. മാർച്ച് 14 ന് നടക്കുന്ന പരിപാടിയ്ക്ക് 15,000 രൂപ വേണമെന്ന് ആയിരുന്നു അരുണിന്റെ ആവശ്യം. എന്നാൽ തുക വളരെ വലുതാണെന്നും 400 രൂപ നൽകാമെന്നും മണൽ കടത്തുകാർ പറഞ്ഞു. ഇതിൽ പ്രകോപിതനായ അരുൺ ആവശ്യപ്പെട്ട തുക തന്നെ നൽകണമെന്ന് പറഞ്ഞു. എന്നാൽ നൽകാൻ കഴിയില്ലെന്ന് മണൽകടത്തുകാർ പറയുകയായിരുന്നു. ഇതോടെ അരുൺ ഭീഷണിപ്പെടുത്തി.
പണം നൽകിയില്ലെങ്കിൽ മണൽ കടത്തുന്നതിന്റെ വിവരങ്ങൾ പോലീസിനെ അറിയിക്കും എന്നായിരുന്നു ഭീഷണി. പണം നൽകിയാൽ മണൽ വാരാൻ ഒത്താശ്ശ ചെയ്യാമെന്നും അരുൺ പറയുന്നുണ്ട്. ഇതിന്റെ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പണം ചോദിച്ചത് താനെല്ലും ശബ്ദസന്ദേശം എഡിറ്റ് ചെയ്ത് ചേർത്തതാണെന്നുമായിരുന്നു അരുണിന്റെ പ്രതികരണം.
Discussion about this post