മണ്ണാർക്കാട്; വികസനത്തിന്റെ പേരിൽ കടം വാങ്ങുന്നതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കെ റെയിലിനായി കടമെടുക്കുന്നതിനെ എതിർത്ത പ്രതിപക്ഷ പാർട്ടികളുടെ നിലപാട് പരാമർശിക്കവേ ആയിരുന്നു എംവി ഗോവിന്ദന്റെ വാക്കുകൾ. മൂലധനനിക്ഷേപത്തിന് കടം വാങ്ങണമെന്നാണ് ബൂർഷ്വാ അർത്ഥശാസ്ത്രജ്ഞരായ ആദം സ്മിത്തും കെയിൻസുമൊക്കെ പറഞ്ഞിട്ടുളളതെന്ന് ആയിരുന്നു എംവി ഗോവിന്ദന്റെ ന്യായീകരണം. ജനകീയ പ്രതിരോധ യാത്രയ്ക്ക് പാലക്കാട് മണ്ണാർക്കാട് നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു എം.വി ഗോവിന്ദൻ
മൂലധന നിക്ഷേപത്തിന് കടം വാങ്ങിയാൽ മാത്രമേ മുതലാളിത്ത രാജ്യത്ത് മുൻപോട്ടു പോകാൻ കഴിയൂ. മൂലധന നിക്ഷേപം എന്ന് പറഞ്ഞാൽ ഭാവി രാജ്യത്തിന് ആവശ്യമാണ്. റെയിൽ ഉണ്ടാക്കിയാൽ ഭാവിയിൽ നമ്മുടെ സ്വത്താണ്. അതിനാണ് കടം വാങ്ങുന്നത്.
മൂന്ന് മണിക്കൂർ 54 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോഡും തിരിച്ചും എത്താൻ പറ്റുന്ന റെയിൽപാളമാണ്. 39 ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും പോകും. 20 മിനിറ്റ് ഇടവിട്ട് വണ്ടിയുണ്ടാകും. നാഷണൽ ഹൈവേയ്്ക്ക് എടുത്ത ഭൂമിയുടെ പകുതി മതി.
0.5 ശതമാനം പലിശയ്ക്ക് ജപ്പാൻ ബാങ്ക് കടം തരാമെന്ന് പറഞ്ഞതാണ്. 20 കൊല്ലത്തിന് ശേഷം തിരിച്ചടച്ചാൽ മതി. തിരിച്ചടവ് കാലാവധിയായ 20 കൊല്ലം കഴിഞ്ഞാൽ ലാഭകരമായി പ്രവർത്തിക്കാനാകും. എന്നാൽ കടം വാങ്ങാൻ പാടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. മാർക്‌സിന്റെ മൂലധനമൊന്നും നിങ്ങൾ വായിക്കേണ്ട. അത് വായിച്ചാൽ നടപ്പിലാക്കാൻ ഇവിടെ പറ്റുകയുമില്ല. വല്ല ബൂർഷ്വാ അർത്ഥശാസ്ത്രവും പഠിക്കണം എംവി ഗോവിന്ദൻ പറഞ്ഞു.
Discussion about this post