കൊല്ലം : പട്ടാഴി ദേവീക്ഷേത്രത്തിലെ കുംഭത്തിരുവാതിര ഉത്സവത്തിനിടെ ഇസ്ലാം മത വിശ്വാസിയെക്കൊണ്ട് ചെഗുവേരയുടെ കൊടി വീശിപ്പിച്ച് സിപിഎം. ചെഗുവേരയുടെ ചിത്രമുള്ള ചുവപ്പ് കൊടിയാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സ്റ്റേജിൽ നിന്ന് വീശിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സിപിഎം പ്രവർത്തകനുമായ അലൻ ഷാഹുലാണ് ചെഗുവേരയുടെ കൊടി വീശിയത്. ഇത് ചോദ്യം ചെയ്ത ഭക്തനെ സിപിഎം ക്രിമിനലുകൾ ആക്രമിക്കുകയും ചെയ്തു.
ഭക്തജനങ്ങൾ പ്രതിഷേധവുമായെത്തിയപ്പോൾ ഉപദേശക സമിതി പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ബൈജു ചെഗുവേരയുടെ കൊടി വീശുന്നതിന് പിന്തുണ കൊടുക്കുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ളയുടെ നേതൃത്വത്തിലാണ് ഭക്തജനങ്ങളെ ആക്രമിച്ചതെന്ന് പരാതിയുണ്ട്.
കേരളത്തിലുടനീളം ക്ഷേത്രോത്സവങ്ങളെ ആക്രമിക്കുകയും പോലീസിനെ കൊണ്ട് കാവി നിറത്തിനെതിരെ കേസെടുപ്പിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു. ക്ഷേത്രത്തിൽ കാവി നിറത്തിന് എന്താണ് അയിത്തമെന്നും ഭക്തർ ചോദ്യമുയർത്തുന്നു. ശ്രീഹനുമാന്റെ ചിത്രമുള്ള കൊടി ക്ഷേത്ര ആചാരങ്ങൾക്ക് എങ്ങനെ വിരുദ്ധമാകുമെന്നും ചോദ്യമുയരുന്നുണ്ട്. അതേ സമയം ക്ഷേത്രവുമായോ ഹിന്ദു മതവുമായോ ഒരു ബന്ധവുമില്ലാത്ത ചെഗുവേരയുടെ ചിത്രം എന്ത് അടിസ്ഥാനത്തിലാണ് സിപിഎമ്മുകാർ ക്ഷേത്രത്തിൽ വീശുന്നതെന്നും ഭക്തജനങ്ങൾ ചോദിക്കുന്നു.
ക്ഷേത്ര ഭരണ സമിതിയിൽ രാഷ്ട്രീയക്കാർ അംഗമാകുന്നതിനെതിരെ ഹൈക്കോടതിയുടെ വിധി ലംഘിച്ചാണ് ഉപദേശക സമിതിയിൽ രാഷ്ട്രീയക്കാർ തുടരുന്നതെന്നാണ് ആക്ഷേപം. മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ നിയമ പരമായി മുന്നോട്ടു പോകാനാണ് ഹിന്ദു സംഘടനകളുടേയും ഭക്തരുടേയും തീരുമാനം.
Discussion about this post