ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ്മാൻഷിപ്പ് ലംഘനമായി കണക്കാക്കപ്പെടുന്ന ഒന്നാണ് 1981-ലെ ‘അണ്ടർ ആം ബോൾ’ വിവാദം. ഓസ്‌ട്രേലിയൻ താരങ്ങളുടെ കുരുട്ടുബുദ്ധിയും മത്സരം ജയിക്കാൻ എന്ത് മോശപ്പെട്ട വഴികളും അവർ സ്വീകരിക്കും എന്നും ഈ ഒരൊറ്റ സംഭവം നമുക്ക് കാണിച്ചു തരും.
1981 ഫെബ്രുവരി 1-ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ബെൻസൺ ആൻഡ് ഹെഡ്ജസ് വേൾഡ് സീരീസ് ഫൈനലിലെ മൂന്നാം മത്സരമായിരുന്നു അന്ന് നടന്നത്. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. അവസാന പന്തിൽ ന്യൂസിലൻഡിന് ജയിക്കാൻ 6 റൺസ് വേണമായിരുന്നു. ന്യൂസിലൻഡിന്റെ ബ്രയാൻ മക്കെക്‌നിയായിരുന്നു ക്രീസിൽ. ബാറ്റിംഗ് എൻഡിൽ അദ്ദേഹത്തെ പോലെ ഒരു താരമുള്ളപ്പോൾ കിവീസ് സിക്സ് അടിക്കാൻ സാധ്യതയുണ്ടെന്ന് ഓസീസ് ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ ഭയന്നു.
തന്റെ അനിയനായ ബൗളർ ട്രെവർ ചാപ്പലിനെ അരികിലേക്ക് വിളിച്ച ഗ്രെഗ് ചാപ്പൽ പന്ത് വായുവിലൂടെ എറിയുന്നതിന് പകരം നിലത്തുകൂടി ഉരുട്ടി എറിയാൻ നിർദ്ദേശിച്ചു. പന്ത് നിലത്തുകൂടി ഉരുണ്ട് വന്നാൽ സിക്സർ അടിക്കുക അസാധ്യമാണല്ലോ. ഇതായിരുന്നു ചാപ്പലിന്റെ പ്ലാൻ. അങ്ങനെയൊന്ന് മുമ്പ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ആരാധകർക്ക് മുന്നിൽ ട്രെവർ ചാപ്പൽ പന്ത് നിലത്തുകൂടി ഉരുട്ടി എറിഞ്ഞു. സിക്സർ അടിക്കാൻ തയ്യാറെടുത്തു നിന്ന ബ്രയാൻ മക്കെക്‌നി പന്ത് വെറുതെ ഡിഫൻഡ് ചെയ്യുകയും ദേഷ്യത്തോടെ തന്റെ ബാറ്റ് വലിച്ചെറിയുകയും ചെയ്തു. ഓസ്‌ട്രേലിയ കളി ജയിച്ചുവെങ്കിലും ആ വിജയം അവർക്ക് വലിയ നാണക്കേടായി.
ഈ വിവാദം കാരണം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അണ്ടർ ആം ബൗളിംഗ് നിയമവിരുദ്ധമായി ഐസിസി പ്രഖ്യാപിച്ചു.













Discussion about this post