പതിവ് കൂട്ടുകെട്ടുകൾക്കൊപ്പം പുതുതലമുറ സംവിധായകരുടെയും ചിത്രങ്ങളിൽ സജീവമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. നിലവിൽ പൊഖ്രാനിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ‘ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാലിബൻ. വലിയ നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലിബൻ.
ഏപ്രിലിൽ വാലിബൻ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം റാമിന്റെ ചിത്രീകരണത്തിനായി ലണ്ടനിലേക്ക് പോകും. പാരീസിലും ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ഉണ്ട്.
റാം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ, രജനികാന്ത് ചിത്രമായ ജയിലറിൽ ജോയിൻ ചെയ്യും. ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് മോഹൻലാലിന്റേതായി ഇനി ബാക്കിയുള്ളത്. ജയിലറിൽ അതിഥി താരമായാണ് മോഹൻലാൽ എത്തുന്നത്.
മെയ് ആദ്യവാരം മോഹൻലാൽ, അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ച് തുടങ്ങും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഹിന്ദി താരം നസറുദ്ദീൻ ഷാ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. രസകരമായ ഒരു റൊമാന്റിക് റോഡ് മൂവിയാണ് അനൂപ് സത്യൻ ഒരുക്കുന്നത്. സുരേഷ് ഗോപി- ശോഭന, ദുൽഖർ സൽമാൻ- കല്യാണി പ്രിയദർശൻ ടീമിനെ വെച്ച് ‘വരനെ ആവശ്യമുണ്ട്‘ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് അനൂപ് സത്യൻ. മോഹൻലാലിന്റെ കരിയറിൽ ഗംഭീര വിജയങ്ങളായി മാറിയ നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അനൂപ് സത്യൻ.
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വാണിജ്യ വിജയമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ‘ ചിത്രീകരണം ഓഗസ്റ്റ് 15ന് ആരംഭിക്കും. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് എമ്പുരാൻ.
എമ്പുരാന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും മോഹൻലാൽ അഭിനയിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹസംവിധായകനായ ടിനു, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് മോഹൻലാലിന്റേത്. നിലവിൽ ലിജോ- മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിൽ സഹസംവിധായകനാണ് ടിനു.
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിലാകും തുടർന്ന് മോഹൻലാൽ അഭിനയിക്കുക. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട്, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ഇതിനിടെ മോഹൻലാൽ സംവിധാനം ചെയ്ത ‘ബറോസ്‘ തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post