കൊച്ചി: ഏഷ്യാനറ്റ് ന്യൂസിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയർന്ന് വന്നിരിക്കുന്നത്. ലഹരിമരുന്നിന് അടിമയാക്കി സഹപാഠി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നാണ് ഏഷ്യാനെറ്റിന് എതിരെ ഉയർന്നിരിക്കുന്ന ആരോപണം. ഇതിന് പിന്നാലെ ചാനലിന്റെ കൊച്ചി ഓഫീസിൽ എസ്എഫ്‌ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയതും വലിയ ചർച്ചകൾക്ക് ഇടയാക്കി.
ഈ സംഭവങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റിലെ മുൻ മാദ്ധ്യമപ്രവർത്തകൻ കൂടിയായ ഡോ. അരുൺ കുമാർ. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു തന്റെ തുടക്കം, ഒരു പക്ഷേ ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും തിളക്കമേറിയ കാലവും അതു തന്നെ, അന്നത്തെ വിശ്വാസ്യത ഇപ്പോഴില്ലെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുൺ കുമാർ വ്യക്തമാക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
‘ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു വാർത്താ വായനയും ഡെസ്‌കിലെ ആദ്യകാല പരിശീലനവും. ടി.എൻ.ജി, എൻ.കെ.ആർ, കെ.പി.എം തുടങ്ങിയ തലമുതിർന്ന മാധ്യമ പ്രവർത്തകരും. എസ്. ബിജു, ജയദീപ്, മങ്ങാട് രത്നാകരൻ, പി. മോഹനൻ, അജിത് കുമാർ തുടങ്ങിയ മധ്യനിരയും വാർത്തയുടെ ജാഗ്രതയായിരുന്നു. ഫയൽ വിഷ്വലുകൾ കൃത്യമായി രേഖപ്പെടുത്തണം, ഭാവാഭിനയം വേണ്ട , ഊഹക്കളികൾക്ക് നിർദാക്ഷിണ്യമായ ‘നോ’, വാർത്താ ഉറവിടങ്ങളുടെ കൃത്യത എല്ലാം നിർബന്ധമായിരുന്നു. ഒരു പക്ഷേ ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും തിളക്കമേറിയ കാലവും അതു തന്നെ’.
‘ഇവിടെ സംഭവിച്ചത് : ഒരു കാമ്പയിനു വേണ്ടി ഫയൽ വിഷ്വൽസ് എന്ന് സൂപ്പർ ഇംപോസ് ചെയ്ത് ആഗ്സ്റ്റ് 10 ലെ അഭിമുഖം അവർത്തിക്കാമെന്നിരിക്കേ അതിലെ അഭിമുഖകാരിയെ മാറ്റി, വോയിസും ഡബ്ബ് ചെയ്ത്, അതേ കണ്ടന്റ് മറ്റൊരു ഡമ്മി അർട്ടിസ്റ്റിനെ (പ്രായപൂർത്തിയാവാത്ത പെൺകുട്ടി) വച്ച് നവംബർ 22 ന് റിക്രിയേറ്റ് ചെയ്ത് കാണിച്ചു. ആദ്യ അഭിമുഖത്തിന്റെ ഒരു റഫറൻസ് പോലും നൽകിയില്ല. അതു വഴി രണ്ടാമത്തെ അഭിമുഖം മറ്റൊരു സംഭവമായി അവതരിപ്പിച്ചു. അങ്ങനെ രണ്ടാമത്തെ അഭിമുഖവും തദ്വാരാ ആ വാർത്തയും വ്യാജമായി. സാനിയ എന്ന റിപ്പോർട്ടറുടെ വാർത്ത സത്യവും നൗഫൽ ചിത്രീകരിച്ചത് വ്യാജവുമായി എന്നർത്ഥം. ‘ആഗസ്റ്റ് 10 ലെ അഭിമുഖത്തിൽ നിന്നും ‘ എന്ന ഒരു സൂചന ആസ്റ്റണായി കൊടുത്താൽ തീരാവുന്ന പ്രശ്നമാണ് ഈ കിടന്ന് തിളയ്ക്കുന്നത്. എഡിറ്റോറിയൽ ടീമിന്റെ മാന്യമായ ഒരു തുറന്നു പറച്ചിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ബാക്കി നിൽക്കുന്ന ക്രെഡിബിലിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തും. ഏഷ്യാനെറ്റ് ന്യൂസിന്റെ സമ്പന്നമായ ഭൂതകാലം അതാവശ്യപ്പെടുന്നുണ്ട്’
Discussion about this post