ന്യൂഡൽഹി : അയോദ്ധ്യയിൽ സർക്കാർ അനുവദിച്ച് നൽകിയ ഭൂമിയിൽ മസ്ജിദ് പണിയാനൊരുങ്ങി ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. സുപ്രീം കോടതി ഉത്തരവ് പ്രകാരം അയോദ്ധ്യ ഡെവലപ്‌മെന്റ് അതോറിറ്റി മസ്ജിദ് നിർമ്മിക്കുന്നതിന് അഞ്ച് ഏക്കർ സ്ഥലം അനുവദിച്ച് നൽകിയിരുന്നു. ഈ പ്രദേശത്താണ് മസ്ജിദ് നിർമ്മിക്കുന്നത്.
വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ അയോദ്ധ്യയിലെ മസ്ജിദിന് അംഗീകാരം നൽകിയെന്ന് അയോദ്ധ്യ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ പറഞ്ഞു. രണ്ട് ദിവസങ്ങൾക്കുള്ളിൽ വകുപ്പുതല നടപടിക്രമങ്ങൾക്ക് ശേഷം, അനുവദിച്ച സ്ഥലം ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന് (ഐഐസിഎഫ്) കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുപി സർക്കാർ നൽകിയ സ്ഥലത്ത് ഒരു മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി എന്നിവ നിർമിക്കും എന്നാണ് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം ട്രസ്റ്റ് ഉടൻ യോഗം ചേരുമെന്നും മസ്ജിദ് നിർമ്മാണത്തിനുള്ള പദ്ധതിക്ക് അന്തിമരൂപം നൽകുമെന്നും ഐഐസിഎഫ് സെക്രട്ടറി അത്താർ ഹുസൈൻ പറഞ്ഞു.
2019 നവംബർ 9 നാണ്, അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ജില്ലയിലെ ഒരു പ്രധാന സ്ഥലത്ത് മസ്ജിദ് നിർമ്മിക്കുന്നതിന് അഞ്ച് ഏക്കർ ഭൂമി അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് സർക്കാർ നടപടിക്രമങ്ങൾ ആരംഭിച്ചത്.
Discussion about this post