തൃശൂർ : ചാരിറ്റി ഒരിക്കലും രാഷ്ട്രീയ പ്രവർത്തനമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിയുടെ സാമൂഹിക പ്രവർത്തനങ്ങളെ വിമർശിക്കുന്നതായിരുന്നു സിപിഎം നേതാവിന്റെ പരാമർശം.
സാമൂഹിക പ്രവർത്തനം എന്നത് സന്നദ്ധപ്രവർത്തനമാണ്. അത് രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം കേരളത്തിലെ വോട്ടർമാർക്ക് മനസിലാകും. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്.
ചാരിറ്റിയെ രാഷ്ട്രീയമാക്കാൻ ശ്രമിച്ചാൽ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. തൃശൂരിൽ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തൃശ്ശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതിൽ ആശങ്കയുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോവിന്ദൻ.
ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും അതിനായി ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടെ ബിജെപി വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിച്ച് ആർക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാൻ പാർട്ടി ശ്രമിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Discussion about this post