തിരുവനന്തപുരം: സംസ്ഥാനത്തെ നെൽകർഷകരോട് സംസ്ഥാന സർക്കാർ ചെയ്യുന്ന നഗ്നമായ തട്ടിപ്പ് വെളിപ്പെടുത്തി മുൻ ഡെപ്യൂട്ടി കളക്ടർ മധുസൂദനൻ അമ്പാൻ. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ നേരിട്ട് വില നൽകാതെ കർഷകരെ കൊണ്ട് ലോൺ എടുപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാദ്ധ്യമത്തിലൂടെ സ്വന്തം അനുഭവം വെളിപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
താങ്കൾ എടുത്ത കാർഷിക ലോൺ തിരിച്ചടക്കേണ്ട സമയം കഴിഞ്ഞു എന്നും എത്രയും വേഗം അടക്കണമെന്നും കാണിച്ച് കഴിഞ്ഞ ദിവസം ഗ്രാമീൺ ബാങ്കിൽ നിന്നും ഒരു സന്ദേശം ലഭിച്ചതായി അദ്ദേഹം പറയുന്നു. എടുത്ത ലോൺ കുറച്ച് മാസം മുമ്പ് പലിശയടച്ച് പുതുക്കിയിരുന്നു. പിന്നെ എങ്ങനെയാണ് താൻ വീണ്ടും കുടിശ്ശികക്കാരനായത് എന്ന് അറിയുന്നതിന് വേണ്ടി പിറ്റേ ദിവസം ബാങ്കിൽ വിളിച്ചപ്പോഴാണ് താൻ തട്ടിപ്പിന്റെ വിവരം അറിയുന്നത് എന്ന് മധുസൂദനൻ അമ്പാൻ പറയുന്നു.
2021 ഫെബ്രുവരിയിൽ കൃഷി ചെയ്ത് ഉണ്ടാക്കിയ 45 ക്വിന്റൽ നെല്ല് സപ്ലൈകോക്ക് നൽകിയിരുന്നു. രസീതുമായി ഗ്രാമീൺ ബാങ്കിൽ ചെന്നാൽ ഒരാഴ്ചക്കകം പണം കിട്ടുമെന്നാണ് പറഞ്ഞിരുന്നത്. ബാങ്കിൽ ചെന്നപ്പോൾ കുറെ പേപ്പറുകളിൽ ഒപ്പ് വെപ്പിച്ചു. ലോൺ ആപ്ലിക്കേഷൻ എന്ന് കണ്ട് സംശയം ചോദിച്ചപ്പോൾ അങ്ങനെ ആണ് നടപടിക്രമങ്ങൾ എന്ന മറുപടി ആണ് കിട്ടിയത് എന്ന് അദ്ദേഹം പറയുന്നു. രണ്ടാഴ്ച കൊണ്ട് അക്കൗണ്ടിൽ പണമെത്തിയതായും അദ്ദേഹം പറയുന്നു.
പിന്നീട് നാളുകൾക്ക് ശേഷമാണ് ബാങ്കിൽ നിന്ന് മെസേജ് വന്നത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഒരു വ്യവസ്ഥാപിത സർക്കാർ ചെയ്യുന്ന പച്ചത്തട്ടിപ്പ് മനസ്സിലാവുന്നതെന്ന് മധുസൂദനൻ അമ്പാൻ വിശദീകരിക്കുന്നു.
നമ്മൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുക്കുന്നു. സപ്ലൈകോയുടെ അംഗീകൃത മില്ലുകാരൻ നമുക്കൊരു രസീത് തരുന്നു. നമ്മുടെ നെല്ല് മില്ലുകാരൻ കുത്തി വിറ്റ് കാശ് സർക്കാരിലേക്ക് അടക്കുന്നു. സർക്കാർ കർഷകനുള്ള കേന്ദ്ര സബ്സിഡിയും വാങ്ങുന്നു. കർഷകന് നെല്ലിന്റെ വില ലഭിക്കാൻ സ്വന്തം പേരിൽ ലോണിന് അപേക്ഷിക്കണം. ലോണും പലിശയും സപ്ലൈകോ പിന്നീട് അടച്ചു കൊള്ളും എന്നാണ് പറയുന്നത്. പക്ഷെ അത് സംബന്ധമായി കർഷകനും സപ്ലൈകോയും തമ്മിൽ യാതൊരു എഗ്രിമെന്റും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഈ തുക ബാങ്കിൽ അടച്ചില്ലെങ്കിൽ കർഷകർ പലിശയടക്കം ലോൺ തിരിച്ചടക്കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. കാരണം നിലവിൽ കർഷകർ ബാങ്കിൽ നിന്ന് സ്വന്തം ആവശ്യത്തിന് കാർഷിക ലോൺ എടുത്തു എന്നതാണ് അവസ്ഥ. അടച്ചില്ല എങ്കിൽ റവന്യു റിക്കവറി അടക്കം നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആകെ ചെയ്യാൻ കഴിയുന്നത് വാങ്ങിയ നെല്ലിന് കാശ് തന്നില്ല എന്ന് പറഞ്ഞ് സർക്കാറിനെതിരെ കേസ് കൊടുക്കാൻ മാത്രം സാധിക്കും എന്നതാണെന്നും അദ്ദേഹം പറയുന്നു.
ഒരു വർഷം മുമ്പ് കൊടുത്ത നെല്ല് കുത്തി അരിയാക്കി വിറ്റ് മില്ലുകാർ കാശ് സർക്കാറിലേക്ക് അടച്ചുവെങ്കിൽ ആ കാശും കേന്ദ്ര സബ്സിഡിയും സർക്കാർ എന്ത് ചെയ്തു എന്നും മധുസൂദനൻ അമ്പാൻ ചോദിക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധതയും കൃത്യതയും പുലർത്തേണ്ട ഒരു സർക്കാർ ഇത്തരം തരികിട പണികൾ ചെയ്യുമെന്ന് ആരെങ്കിലും കരുതുമോ എന്നും അദ്ദേഹം ചോദിക്കുന്നു. കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കാൻ ഇത് തന്നെ ധാരാളമാണെന്നും മുൻ ഡെപ്യൂട്ടി കളക്ടർ കൂടിയായ അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post