ന്യൂഡൽഹി: തൊഴിലിന് പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്തതിന് പിന്നാലെ, റാബ്രിയുടെ ഭർത്താവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെയും സിബിഐ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സിബിഐ ലാലുവിന് നോട്ടീസ് നൽകി. ലാലുവിനെ ഉടൻ തന്നെ ചോദ്യം ചെയ്തേക്കും എന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ മുതലാണ് കേസിൽ സിബിഐ റാബ്രി ദേവിയെ ചോദ്യം ചെയ്തത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, ഇവരുടെ മകൾ മിസ ഭാരതി എന്നിവർ ഉൾപ്പെടെ 13 പേർക്കെതിരെ കഴിഞ്ഞ ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം നൽകിയത്.
ലാലു പ്രസാദ് യാദവ് യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കുന്ന സമയത്ത്, റെയിൽവേയിൽ ജോലി ലഭിക്കുന്നതിന് വേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്നും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ ഭൂമി എഴുതി വാങ്ങി എന്നതാണ് കേസ്. ഇങ്ങനെ ജോലി വാങ്ങിയ ഉദ്യോഗാർത്ഥികളിൽ പലർക്കും മതിയായ യോഗ്യതകൾ ഉണ്ടായിരുന്നില്ല. ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകാൻ വൻ ലോബികൾ പ്രവർത്തിച്ചിരുന്നതായും സിബിഐ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27ന് സിബിഐ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച ഡൽഹി റോസ് അവന്യൂ കോടതി, ലാലുവും റാബ്രിയും ഉൾപ്പെടെ 14 പേർക്ക് സമൻസ് അയച്ചിരുന്നു. ഇതിനെ തുടർന്നാണ് സിബിഐയുടെ നടപടികൾ പുരോഗമിക്കുന്നത്.
Discussion about this post