കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി കുറ്റപ്പെടുത്തി. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്‌നങ്ങളില്ലെന്നും കോടതി വിമർശിച്ചു.
വിഷയത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് 1.45 ന് നേരിട്ട് കോടതിയിൽ ഹാജരാവാൻ നിർദ്ദേശിച്ചു. കൂട്ടായ പ്രവർത്തനം വേണം. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്‌മപുരം വിഷയം ഹൈക്കോടതി പരിഗണിക്കുന്നത്.
മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും പുക ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Discussion about this post