എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നും ഉയരുന്ന വിഷ പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 30 പേർ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം തീപിടിത്തം ഉണ്ടായി ഒരാഴ്ചയാകുമ്പോഴും തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.
തീ നിയന്ത്രണ വിധേയം ആയെങ്കിലും മാലന്യങ്ങളിൽ നിന്നും പുക ഉയരുന്നത് തുടരുകയാണ്. ഇതേ തുടർന്ന് വിഷപ്പുക ബ്രഹ്മപുരത്തും 10 കിലോ മീറ്റർ പരിധിയിലും വ്യാപിച്ചു കിടക്കുകയാണ്. ഇത് ശ്വസിച്ചത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നേരത്തെ പത്തോളം പേർ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേർ ബ്രഹ്മപുരം ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയത്. തത്സ്ഥിതി തുടർന്നാൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നവരുടെ എണ്ണം വീണ്ടും വർദ്ധിക്കാം.
ശ്വാസം മുട്ടൽ, ഛർദ്ദി, തലകറക്കം എന്നിവയാണ് ജനങ്ങൾക്ക് അനുഭവപ്പെടുന്നത്. തീ അണയ്ക്കൽ പ്രവർത്തനങ്ങൾക്കായി നേതൃത്വം നൽകുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്കായി സ്ഥലത്ത് മെഡിക്കൽ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. 25 അടിവരെ ഉയരത്തിലുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നുമാണ് പുക ഉയരുന്നത്. ഇത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് അണയ്ക്കാനാണ് നിലവിലെ ശ്രമം. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
Discussion about this post