തൃശൂർ: മാളയിൽ സിപിഎം പ്രതിരോധ ജാഥയുടെ വേദിയിൽ മൈക്ക് ഓപ്പറേറ്ററെ എം.വി ഗോവിന്ദൻ ശകാരിച്ച സംഭവം വേദനാജനകമെന്ന് തൃശ്ശൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. പൊതു വേദിയിൽ മൈക്ക് ഓപ്പറേറ്ററേ ശകാരിച്ചത് ശരിയായില്ല. എം.വി ഗോവിന്ദൻ ശരിയായ രീതിയിൽ അല്ല പ്രസംഗിച്ചത്. വർഷങ്ങളോളം പരിചയ സമ്പത്ത് ഉള്ള ആളാണ് മാളയിലെ മൈക്ക് ഓപ്പറേറ്റർ. ഇത്രയും ആളുകളുടെ മുന്നിൽ വച്ച് അദ്ദേഹത്തെ അപമാനിച്ചത് ശരിയായില്ല.
എം.വി ഗോവിന്ദന്റെ പ്രതികരണം വിഷമം ഉണ്ടാക്കിയെന്ന് മൈക്ക് ഓപ്പറേറ്ററും പറഞ്ഞു. ശബ്ദം കുറഞ്ഞപ്പോൾ ഒന്ന് അടുത്ത് നിന്നു സംസാരിക്കാൻ മാത്രമേ പറഞ്ഞുള്ളൂ. പൊതു പ്രവർത്തകർ മൈക്ക് ബാലൻസിംഗ് പഠിക്കണം. അതറിയാത്തത് കൊണ്ടുള്ള പ്രശ്‌നമാണ് മാളയിൽ കണ്ടത്. ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെടില്ല, അതൊക്കെ എം.വി ഗോവിന്ദന് തന്നെ വിട്ടു കൊടുക്കുന്നു. മൈക്കിന് അറിയില്ല ഏതു പാർട്ടിയുടെ ആളാണ് സംസാരിക്കുന്നത് എന്ന്. സംഭവത്തിൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചുവെന്നും അധികൃതർ പറഞ്ഞു.
പൊതുവേദിയിൽ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച സംഭവത്തിൽ എം.വി.ഗോവിന്ദനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ടില്ലെന്നാണ് ഗോവിന്ദന്റെ വാദം. താൻ ശരിയായിട്ടാണ് കാര്യങ്ങൾ പറയുന്നത്. മാദ്ധ്യമങ്ങൾ ഇമ്മാതിരി വാർത്തകൾ ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.
Discussion about this post