തിരുവനന്തപുരം: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായതിന് ഫത്വ കൗൺസിൽ മുന്നറിയിപ്പ് നൽകിയതിൽ പ്രതികരണവുമായി ഷുക്കൂർ വക്കീൽ. താൻ ആക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്തം പ്രതിരോധിക്കാൻ ആഹ്വാനം നടത്തിയവർക്ക് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താൻ മതനിയമങ്ങളെ അവഹേളിക്കുകയോ, വിശ്വാസിയുടെ ആത്മവീര്യം തളർത്തുകയോ ചെയ്തിട്ടില്ല. തനിക്കെതിരെ പ്രതിരോധത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
പ്രതിരോധം ‘ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. ഷുക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ഷുക്കൂർ വക്കീലും ഭാര്യ ഷീനയും സ്‌പെഷ്യൽ മാര്യേജ് ആക്ട്പ്രകാരം വിവാഹതിരായത്
വക്കീൽ നടത്തിയത് നാടകമെന്നാണ് ഫത്വ കൗൺസിലിന്റെ വിമർശനം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കൗൺസിൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
മരണാനന്തരം മുഴുവൻ സമ്പാദ്യങ്ങളും തന്റെ മൂന്ന് പെൺമക്കൾക്ക് മാത്രം ലഭിക്കാൻ വേണ്ടിയാണ് വിവാഹ നാടകം. ഇസ്ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളെ സമഗ്രമായി മനസ്സിലാക്കാത്തതിന്റെ ദുരന്തമാണ് ഇത്തരം ആലോചനകൾ. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കൗൺസിൽ പുറത്തിറക്കിയ ഫത്വയിൽ പറയുന്നു
Discussion about this post