കോഴിക്കോട്; അനാരോഗ്യകരമായ രീതിയിൽ ഉത്സവ പറമ്പിൽ മധുരപലഹാര വിൽപ്പന നടത്തിയ ആളെ കൈകാര്യം ചെയ്ത് നാട്ടുകാർ. കോഴിക്കോട് ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് ഉരുക്കി ചേർത്ത ശർക്കര ജിലേബി വിൽപ്പന നടത്തിയ ആളെയാണ് നാട്ടുകാർ പിടികൂടിയത്. ചോദ്യം ചെയ്തതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
മെഡിക്കൽ കോളേജ് പൂവാട്ടുപറമ്പ് ,പെരുവയൽ പരിയങ്ങാട് കുലവൻ കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പലഹാര വിൽപ്പനയ്ക്കത്തിയ ആളാണ് പ്ലാസ്റ്റിക് ഉരുക്കി ചേർത്ത ശർക്കര ഉപയോഗിച്ച ജിലേബി തയ്യാറാക്കിയത്. അഞ്ച് കിലോയോളം വരുന്ന ശർക്കര പാനിയിൽ നാലഞ്ച് പ്ലാസ്റ്റിക് കവറുകളാണ് ഇയാൾ ഉരുക്കി ചേർത്തിരുന്നത്.
ചോദ്യം ചെയ്യലിൽ ജിലേബി നല്ല തിളക്കത്തോടെയിരിക്കാനും പൊട്ടിപ്പോകാതിരിക്കാനുമാണ് പ്ലാസ്റ്റിക്ക് ഉരുക്കി ചേർക്കുന്നതെന്നാണ് പലഹാരക്കടക്കാരൻ വെളിപ്പെടുത്തിയത്. സാധാരണയായി എല്ലാവരും ചെയ്യുന്ന രീതിയാണ് താനും പിന്തുടർന്നതെന്നും വിൽപ്പനയ്ക്ക് അത് അത്യാവശ്യമാണെന്നും പറഞ്ഞതോടെ നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു. സംഭവം കൈവിട്ട് പോയെന്ന് മനസിലാക്കിയതോടെ ഇയാൾ തിരക്ക് മുതലെടുത്ത് നാട്ടുകാരുടെ ഇടയിലേക്ക് മറയുകയായിരുന്നു.
സംഭവത്തിൽ പോലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
Discussion about this post