ഭോപ്പാൽ: ബ്രിട്ടണിൽ പോയി ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യയിൽ രാഹുലിന്റെ വാക്കുകൾക്ക് ആരും വില കൽപ്പിക്കാത്തതിനാലാണ് അദ്ദേഹം വിദേശത്ത് പോയി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത്. രാജ്യത്തെ അപമാനിക്കുന്ന തരത്തിൽ ബാലിശമായ വാക്കുകളാണ് രാഹുൽ വിദേശത്ത് പോയി പറയുന്നതെന്നും ചൗഹാൻ പറഞ്ഞു.
‘എന്നെ അതും ഇതും ചെയ്യാൻ സമ്മതിക്കുന്നില്ല‘ എന്ന് പറഞ്ഞ് വിദേശത്ത് പോയി കുട്ടികളെ പോലെ കരയുകയാണ് രാഹുൽ. ലണ്ടനിൽ പോയി ഇന്ത്യയെ അപമാനിക്കുന്നതിന് പകരം, രാജ്യത്തെ ജനങ്ങളോട് സംവദിക്കുവാനും, കഴിയുമെങ്കിൽ താൻ പറയുന്ന കാര്യങ്ങൾ ഈ നാട്ടിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കാനും ചൗഹാൻ രാഹുലിനെ വെല്ലുവിളിച്ചു.
2014ൽ താൻ വിദേശത്ത് പോയപ്പോൾ, അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗ് കഴിവില്ലാത്തവനാണോ എന്ന് വിദേശ മാദ്ധ്യമങ്ങൾ തന്നോട് ചോദിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരിക്കലും കഴിവില്ലാത്തവനാകില്ല, കാരണം, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു താൻ നൽകിയ മറുപടിയെന്നും ചൗഹാൻ ഓർമ്മിപ്പിച്ചു.
രാഹുലിന്റെ ഈ കരച്ചിൽ, കോൺഗ്രസ് നേതൃത്വത്തിന്റെ പരാജയത്തിന്റെയും നിരാശയുടെയും പ്രതീക്ഷയില്ലായ്മയുടെയും പ്രതീകമാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Discussion about this post