ന്യൂഡൽഹി : ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ വെച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും ആം ആദ്മി പാർട്ടി നേതാവിനെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. മാർച്ച് 7 ന് അഞ്ച് മണിക്കൂറോളം നേരമെടുത്ത് ഇഡി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്ന് ഇഡി ഉദ്യോഗസ്ഥർ തിഹാർ ജയിലിനുള്ളിൽ 45 മിനിറ്റ് ചോദ്യം ചെയ്തതായി ആം ആദ്മി പാർട്ടി വൃത്തങ്ങൾ അവകാശപ്പെട്ടു.
അടിക്കടി ഫോൺ മാറ്റിക്കൊണ്ട് തെളിവ് നശിപ്പിക്കൽ, മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി മാറ്റൽ, തുടങ്ങിയ കേസിന്റെ വിവിധ വശങ്ങളാണ് സിസോദിയയെ പ്രതിക്കൂട്ടിലാക്കിയത്. അതേസനയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി റൂസ് അവന്യൂ കോടതിയിൽ വെള്ളിയാഴ്ച പരിഗണിക്കും.
സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയ്‌ക്കെതിരെ തെളിവുകൾ ലഭിക്കാത്തതിനാലാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഇത് ജനങ്ങൾ കാണുന്നുണ്ടെന്നും തക്കതായ മറുപടി നൽകുമെന്നും കെജ്രിവാൾ പറഞ്ഞു.
Discussion about this post