ബംഗളൂരു: എച്ച്3 എൻ2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം. കർണാടക ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് ബാധിച്ച് ഓരോ മരണം വീതം സ്ഥിരീകരിച്ചത്. കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്നുള്ള 82കാരനാണ് രോഗം ബാധിച്ച് ആദ്യം മരിക്കുന്നത്. ഹിരേ ഗൗഡ എന്നയാളാണ് മരിച്ചത്. മാർച്ച് ഒന്നിനാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്. തുടർന്ന് നടത്തിയ ശരീര സ്രവ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് 90ലധികം പേരിൽ എച്ച്3 എൻ2 വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് പേർക്ക് എച്ച്1 എൻ1 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് എച്ച്3 എൻ2 വൈറസ് ബാധിതരുടെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ‘ഹോങ്കോങ് ഫ്‌ളൂ’ എന്നും ഈ രോഗം അറിയപ്പെടുന്നു. കൊറോണയ്ക്ക് സമാനമായ രോഗലക്ഷങ്ങളാണ് എച്ച്3 എൻ2 രോഗികളിലും ഉള്ളത്.
വിട്ടുമാറാത്ത ചുമ, പനി, വിറയൽ, ശ്വാസതടസ്സം, ശ്വാസംമുട്ടൽ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങലും ചില രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയോളം രോഗലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കും. രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പർക്കം മൂലമാണ് ഒരാളിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പടരുന്നത്.
മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക തുടങ്ങീ കൊറോണയെ പ്രതിരോധിക്കാൻ സ്വീകരിച്ച മുൻകരുതലുകൾ തന്നെയാണ് ഈ രോഗത്തേയും പ്രതിരോധിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവർ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.
Discussion about this post