കൊച്ചി: സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും മാറ്റമില്ലാതെ തുടരുന്നതിനിടെ എച്ച്1 എൻ1 കേസുകളിലും വലിയ വർധന. ഇന്നലെ ആറ് പേർക്കാണ് സംസ്ഥാനത്ത് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഏറ്റവും ഉയർന്ന കണക്കാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.
പരിശോധനകളിൽ ഉണ്ടായ വർധനവായിരിക്കാം എച്ച്1എൻ1 കേസുകളിലെ വർധനയ്ക്ക് കാരണമെന്നും സൂചനയുണ്ട്. സാധാരണ ഗതിയിൽ കഴിഞ്ഞ ആഴ്ചകളിൽ ഒന്നോ രണ്ടോ എച്ച്1എൻ1 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ പനി ബാധിച്ച് എത്തുന്നവരുടെ സ്രവ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിലും, ഗർഭിണികളിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post