കൊല്ലം : മുഖത്തല മുരാരി ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ കട്ടൗട്ട് എടുത്തുമാറ്റി. ഭക്തജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് കട്ടൗട്ട് മാറ്റിയത്. മുരാരി ക്ഷേത്രം റോഡിൽ നിന്ന് കാണാത്ത വിധത്തിലായിരുന്നു കട്ടൗട്ട്.
അയത്തിൽ – കണ്ണനല്ലൂർ റോഡിന്റെ വശത്താണ് മുരാരി ക്ഷേത്രം. കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രമാണിത്. ഭക്തജനങ്ങൾ വാഹനങ്ങളിൽ പോകുമ്പോഴും കാണാൻ കഴിയുന്ന രീതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇത് മറച്ചു കൊണ്ടായിരുന്നു ക്ഷേത്രത്തിന് പുറം തിരിഞ്ഞ് നിൽക്കുന്ന രീതിയിൽ എം.വി ഗോവിന്ദന്റെ കട്ടൗട്ട്.
കട്ടൗട്ട് വെച്ചതിനെ തുടർന്ന് ക്ഷേത്രം മറഞ്ഞതിനാൽ ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വിഷയം ബിജെപിയും ഹിന്ദു സംഘടനകളും ഏറ്റെടുത്തു. ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് കട്ടൗട്ട് മാറ്റിയത്.
കൊല്ലം ജില്ലയിലെ പ്രാചീനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല മുരാരി ക്ഷേത്രം. ഇവിടെ ഏകവിഗ്രഹ പ്രതിഷ്ഠയാണ്. മുരൻ എന്ന അസുരനെ വധിച്ച വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. അതുകൊണ്ടാണ് മുരാരി ക്ഷേത്രം എന്ന് അറിയപ്പെടുന്നത്.
Discussion about this post