തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി വാർഷിക പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പർ ചുവപ്പ് മഷികൊണ്ട് അച്ചടിച്ചതിനെതിരെ എബിവിപി. വിദ്യാർത്ഥികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.യു ശ്രീകാന്ത് മാസ്റ്റർ പറഞ്ഞു. ചോദ്യ പേപ്പർ ചുവപ്പ് മഷിയിൽ അച്ചടിച്ചതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന് ചോദ്യ പേപ്പറിലെ കറുപ്പിനോടും ഭയമാണോ?. വർഷങ്ങളായി പൊതു പരീക്ഷകളിലെ ചോദ്യക്കടലാസിൽ ഉപയോഗിച്ചുവരുന്നത് കറുത്ത മഷിയാണ്. വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ വ്യക്തമാകുന്നതിനും ഉത്തരങ്ങൾ എഴുതാൻ സഹായിക്കുന്നതിനും കറുത്ത മഷിയിലെ അക്ഷരങ്ങൾ സഹായകമാവുമെന്നു വിദ്യാഭ്യാസ വിദഗ്ധർ പല പഠനങ്ങളിലും വ്യകതമാക്കിയിട്ടുള്ളതാണ്. വിദ്യാർഥികൾക്ക് വ്യക്തമായി വായിച്ച് മനസ്സിലാക്കുന്നതിന് സൗകര്യപ്രദമായ രീതിയിലാണ് ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. എന്നാൽ ഇത്തവണ സർക്കാർ രാഷ്ട്രീയ പ്രേരിതമായി ഇതെല്ലാം മാറ്റിമറിച്ചിരിക്കുകയാണെന്നും ശ്രീകാന്ത് മാസ്റ്റർ പ്രതികരിച്ചു.
ചുവപ്പു നിറത്തിൽ അച്ചടിച്ച ചോദ്യപേപ്പറാണ് കഴിഞ്ഞ ദിവസം നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷക്ക് ഉപയോഗിച്ചത്. വെളിച്ചം കുറഞ്ഞ ഹാളിലിരുന്ന് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ വ്യക്തമായി കാണാൻ പോലും കഴിഞ്ഞിരുന്നില്ല. കളർബ്ലൈൻഡ്‌നസുള്ള കുട്ടികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. കേരളത്തിലെ മൂന്നു ശതമാനം വിദ്യാർത്ഥികളും കളർ ബ്ലൈൻഡ്‌നസ് ഉള്ളവരാണ്. ഈ വിദ്യാർത്ഥിൾക്ക് ഇതെങ്ങനെ വായിക്കാൻ കഴിയും എന്ന ചോദ്യത്തിനു യാതൊരു ഉത്തരവുമില്ല. ലോകത്തൊരിടത്ത് പോലും ആരുംചെയ്യാത്ത കളർ കൊമ്പിനേഷനാണു ചുവപ്പ് അക്ഷരങ്ങളിൽ അച്ചടിക്കുന്ന ചോദ്യപേപ്പറുകൾ. വിദ്യാർത്ഥികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ വിദ്യാർത്ഥികളെ മാനസികസമ്മർദ്ദത്തിലാക്കാനേ ഉപകരിക്കൂ. ചോദ്യപേപ്പറിലെ നിറംമാറ്റത്തിൽ എന്താണ് സംഭവിച്ചത് എന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ ‘ചുവപ്പിനെന്താ കുഴപ്പം’ എന്ന പ്രസ്ഥാവന വിദ്യാർത്ഥികളെ പരിഹസിക്കുന്നതിന് തുല്ല്യമാണ്. ഹയർസെക്കൻഡറി ഡയറക്ടറേറ്റ് രാഷ്ടീയം കളിക്കുകയാണ് ചെയ്യുന്നത്. പരീക്ഷകളെ രാഷ്ട്രീയവത്ക്കരിക്കുന്നത് ഭാവി കേരളത്തിന് നല്ലതല്ല എന്നും ശ്രീകാന്ത് മാസ്റ്റർ അറിയിച്ചു.
Discussion about this post