തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ കേരള സന്ദർശനം. ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്റ്റർ മാർഗമാണ് തൃശൂരിലെത്തുന്നത്. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. മൂന്ന് മണിക്ക് ജോയ്‌സ് പാലസ് ഹോട്ടലിൽ നടക്കുന്ന പാർലമെന്റ് മണ്ഡലം നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. അടുത്ത ഒരു വർഷത്തെ തിരഞ്ഞെടുപ്പ് പ്രവർത്തന രേഖ നേതാക്കന്മാർ അവതരിപ്പിക്കും.
ശേഷം വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 4.30ന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതു യോഗത്തിൽ അമിത് ഷാ പ്രസംഗിക്കും. ദേശീയ വക്താവ് പ്രകാശ് ജാവദേക്കർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, സുരേഷ് ഗോപി, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. പൊതുയോഗത്തിന് ശേഷം കാർ മാർഗം നെടുമ്പാശേരിയിലേക്ക് തിരികെ എത്തുന്ന അമിത് ഷാ ഇന്ന് തന്നെ ഡൽഹിക്ക് മടങ്ങും.
അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതിനാൽ ഇന്നലെ രാവിലെ മുതൽ പോലീസിനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തൃശൂർ നഗരത്തിലും പരിസരങ്ങളിലും 12 മണി മുതൽ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാർക്കിംഗ് അനുവദിക്കില്ല. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും പോലീസ് നിർദ്ദേശം അനുസരിച്ച് സർവീസ് നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post