ബംഗളൂരു: ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ട് കിലോമീറ്റർ ദൂരം പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ട്. എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിന് പുറമെ 16,000 കോടി രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. എക്‌സ്പ്രസ് വേ തുറന്നു നൽകുന്നതോടെ മൂന്നര മണിക്കൂറുള്ള ബംഗളൂരു-മൈസൂരു യാത്ര 75 മിനിട്ടായി കുറയും. ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് പ്രധാനമന്ത്രി മാണ്ഡ്യയിലെത്തുക. മാണ്ഡ്യയ്ക്കും മധൂരിനും ഇടയിലുള്ള ഗജാരപേട്ട എന്ന സ്ഥലത്ത് വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.
8408 കോടി ചെലവിൽ 118 കിലോമീറ്റർ നീളത്തിലാണ് അതിവേഗ പാത നിർമിച്ചിരിക്കുന്നത്. മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനമാണ് എക്‌സ്പ്രസ് വേ തുറക്കുന്നതോടെ ഉണ്ടാകാൻ പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരു മുതൽ നിദാഘട്ട വരെയുള്ള 58 കിലോമീറ്ററും നിദാഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ദൂരവും രണ്ട് വ്യത്യസ്ത ഘട്ടങ്ങളാക്കിയാണ് പണി പൂർത്തിയാക്കിയത്. 8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോറുകൾ, 42 ചെറിയ പാലങ്ങൾ, 64 അണ്ടർപാസുകൾ, 11 മേൽപ്പാലങ്ങൾ, നാല് റോഡ് ഓവർ ബ്രിഡ്ജുകൾ അഞ്ച് ബൈപ്പാസുകൾ എന്നിവ ഈ ഹൈവേയിൽ ഉണ്ട്. കെഎസ്ആർടിസി അടക്കമുള്ള സർവീസുകൾ ഇനി ഈ വഴിയാകും സർവീസ് നടത്തുന്നത്.
എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് ശേഷം ധാർവാഡ് ഹുബ്ബള്ളിയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. മൈസൂരു-കുഷാൽനഗർ നാലുവരി പാതയുടെ തറക്കല്ലിടൽ ഇവിടെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കും. 92 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് ഏകദേശം 4130 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പാത നിലവിൽ വരുന്നതോടെ അഞ്ച് മണിക്കൂറുള്ള യാത്രാസമയം രണ്ടര മണിക്കൂറായി കുറയും.
ധാർവാഡിലുള്ള ഐഐടിയും പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. 2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിട്ടത്. 850 കോടിയിലധികം രൂപ ചെലവിട്ടാണ് ഐഐടിയുടെ നിർമാണം പൂർത്തിയാക്കിയത്. നാല് വർഷത്തെ ബി.ടെക് പ്രോഗ്രാം, പഞ്ചവത്സര ബിഎസ് എംഎസ് പ്രോഗ്രാമുകൾ, എം.ടെക്, പി.എച്ച്.ഡി തുടങ്ങിയവ ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും.
Discussion about this post