പേരാമ്പ്ര: മുതുകാട് പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിലെ ബസിന് ആർടിഒ പിഴയീടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് പാർട്ടി പ്രവർത്തകരെ കൊണ്ടുപോയ സംഭവത്തിലാണ് ആർടിഒയുടെ നടപടി.ഫെബ്രുവരി 24 ന് ആണ് പേരാമ്പ്രയിൽ സ്വീകരണം നടന്നത്.
അന്ന് വൈകീട്ട് സ്കൂൾ വിദ്യാർഥികളെ വീട്ടിൽ കൊണ്ടുപോകാതെയാണ് പാർട്ടി പരിപാടിക്ക് ബസ് ഉപയോഗിച്ചതെന്നാണ് പരാതി ഉയർന്നത്. പരിപാടിയുടെ ബാനർ കെട്ടിയ സ്കൂൾ ബസിന്റെ ചിത്രവും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് ആർടിഒ സ്കൂൾ ബസിനെതിരെ നടപടി എടുത്തത്.
പരാതിയെ തുടർന്ന് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. 3,000 രൂപ പിഴയും കോൺട്രാക്ട് കരിയേജ് നിരക്കിൽ അധിക നികുതിയായി 11,700 രൂപയും ഈടാക്കി. പ്രതിരോധ യാത്രയ്ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിലാണ് മുതുകാട് നിന്നുള്ള പാർട്ടി പ്രവർത്തകരെ സ്കൂൾ ബസിൽ എത്തിച്ചത്. 32-ാം ബൂത്ത് കമ്മിറ്റിയാണ് സ്കൂൾ ബസിൽ പരിപാടിക്ക് എത്തിയത്.
പി.ടി.എയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് സ്വകാര്യ ബസ് വാടകക്ക് എടുത്ത് സ്കൂളിന് വേണ്ടി സർവിസ് നടത്തുന്നത്. 100 ൽ താഴെ കുട്ടികൾ മാത്രമാണ് സ്കൂളിലുളളത്. ഇവരെ കൊണ്ടുപോകുന്നതു കൊണ്ടുമാത്രം വാടകക്ക് എടുത്ത് ബസ് നിലനിർത്താൻ കഴിയില്ല. അതുകൊണ്ട് വാടകക്ക് പാർട്ടി പരിപാടികൾക്ക് ഉൾപ്പെടെ ബസ് പോകാറുണ്ടെന്നാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഇതിന് വിശദീകരണം നൽകിയത്.
Discussion about this post