തിരുവനന്തപുരം: ചില ഡോക്ടർമാർക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാനാവില്ലെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. പത്തനാപുരം മണ്ഡലത്തിലെ ഒരു സ്ത്രീ, ശസ്ത്രക്രിയക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. വയർ വെട്ടിപ്പൊളിച്ച പോലെ ശസ്ത്രക്രിയ ചെയ്തെന്ന് ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
ആർ സി ശ്രീകുമാർ എന്ന ഡോക്ടർ, സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാൻ തയ്യാറായില്ല. ഇത്തരം ആളുകൾക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാനാവില്ല. തല്ല് അവർ ചോദിച്ച് വാങ്ങുന്നതാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒരു ഡോക്ടർ ഒരു രോഗിയുടെ വയറ്റിൽ കത്രിക മറന്നു വെച്ചു. ക്രിമിനൽ കുറ്റം ചെയ്യുന്ന ഇത്തരക്കാരെ കണ്ടെത്തണം. അവയവ ദാന ശസ്ത്രക്രിയക്ക് എത്തിയ രോഗിയെ വീട്ടിൽ വിളിച്ച് 25,000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടറെ തനിക്ക് അറിയാം. അവയവദാന ശസ്ത്രക്രിയ സംബന്ധിച്ച് സിസ്റ്റത്തിന്റെ ഊരാക്കുടുക്കിൽ പെട്ട് ജനം നട്ടം തിരിയുകയാണ്. ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെ മര്യാദ പഠിപ്പിക്കണമെന്നും ഗണേഷ് കുമാർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
Discussion about this post