ന്യൂഡൽഹി: 95ാം ഓസകർ പുരസ്‌കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയാണ് ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം പുരസ്‌കാരം നേടിയത്. ഓസ്‌കർ നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പേരാണ് ഗാനത്തിന്റെ സംഗീത സംവിധായകനായ കീരവാണിയേയും സംഘത്തേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. അവാർഡ് നേട്ടത്തെ അഭിനന്ദിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പങ്കുവച്ച കുറിപ്പിനെ വിമർശിച്ച് ഗായകൻ അദ്‌നാൻ സാമി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നു’ എന്നായിരുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ ട്വീറ്റ്. ആർആർആറിന്റെ സംവിധായകൻ രാജമൗലി, സംഗീതസംവിധായകൻ എംഎം കീരവാണി, അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കും ജഗൻ തന്റെ അഭിനന്ദനം അറിയിക്കുന്നുണ്ട്. ഈ ട്വീറ്റിലെ തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നു എന്ന ഭാഗത്തിനെതിരെയാണ് അദ്‌നാൻ സാമി തന്റെ വിമർശനം ഉന്നയിക്കുന്നത്.
പൊട്ടക്കുളത്തിൽ കിടക്കുന്ന പ്രാദേശിക ചിന്താഗതിയുള്ള തവള എന്നാണ് ജഗൻ മോഹൻ റെഡ്ഡിയെ അദ്‌നാൻ സാമി മറുപടി ട്വീറ്റിലൂടെ വിശേഷിപ്പിക്കുന്നത്. ” പൊട്ടക്കുളത്തിൽ കിടക്കുന്ന പ്രാദേശിക ചിന്താഗതിയുള്ള തവള. അതിനൊരിക്കലും സമുദ്രത്തെ കുറിച്ച് ചിന്തിക്കാനാകില്ല. കാരണം അത് അവന്റെ കൊച്ചു മൂക്കിനും അപ്പുറത്താണ്. ദേശീയതയിൽ അഭിമാനം കൊള്ളാതെ പ്രാദേശികവാദം ഉയർത്തി ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു” എന്നാണ് അദ്‌നാൻ സാമിയുടെ ട്വീറ്റ്.
വിമർശനം ഉന്നയിച്ചവർക്ക് മറ്റൊരു ട്വീറ്റിലൂടെയും അദ്‌നാൻ സാമി മറുപടി നൽകുന്നുണ്ട്. ” എന്റെ പ്രശ്‌നം ഒരിക്കലും ഭാഷയെ കുറിച്ചല്ല. അത് വളരെ ലളിതമാണ്. ഇന്ത്യ എന്ന വികാരമാണ് എല്ലാത്തിലും ഉപരിയായി മുന്നിൽ നിൽക്കേണ്ടത്. മറ്റെന്തും അതിന്റെ കീഴിൽ മാത്രം വരുന്ന കാര്യമാണ്. നിരവധി പ്രാദേശിക ഭാഷകളിൽ ഗാനം ആലപിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും” അദ്‌നാൻ സാമി കൂട്ടിച്ചേർത്തു.
Discussion about this post