കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്ക്ക് വീണ്ടും ഇഡി നോട്ടീസ്. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നൽകിയതായാണ് റിപ്പോർട്ടുകൾ. വിദേശസംഭാവന നിയമം ലംഘിച്ചുവെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ. നേരത്തെ മാർച്ച് ഒന്നിന് യുസഫലിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. എന്നാൽ, അദ്ദേഹം അന്ന് ഹാജരായില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിൽ നിന്നാണ് യൂസഫലിയുടെ പങ്ക് ഉയർന്നത്. യൂസഫലിയ്ക്ക് തന്നെ കള്ളക്കേസിൽ കുടുക്കാനാവുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന ആരോപിച്ചിരുന്നു.
സ്വകാര്യ പങ്കാളികളുമായുള്ള സംയുക്ത സംരംഭമായാണ് ലൈഫ് മിഷൻ സ്‌കീം എന്ന ഭവന പദ്ധതി തയ്യാറാക്കിയത്. യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളവരായിരുന്നു സ്വകാര്യ പങ്കാളികൾ കൂടുതലും. ചില സ്ഥാപനങ്ങൾ യൂസഫലിയുമായി ബന്ധപ്പെട്ടിരുന്നു. ലൈഫ് മിഷൻ സ്‌കീമിലെ അനധികൃത പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെക്കുറിച്ച് ആരായാനാണ് യൂസഫലിയെ ഇഡി വിളിപ്പിച്ചിരിക്കുന്നത്.
Discussion about this post