തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത. ഇന്ന് മുതൽ അടുത്ത നാല് ദിവസമാണ് കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു.
ഇന്ന് മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താരതമ്യേന ശക്തമായ മഴ ലഭിക്കാം. മഴയ്ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകൾ ഒഴികെയുള്ളവിടങ്ങളിൽ ആകും മഴ ലഭിക്കുക.
വെള്ളിയാഴ്ച മുതൽ മഴ ലഭിക്കുന്ന ജില്ലകളുടെ എണ്ണം കുറയും. വെള്ളിയാഴ്ച ഒൻപത് ജില്ലകളിലാകും മഴ ലഭിക്കുക. ശനിയാഴ്ച തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും മാത്രമാകും മഴ ലഭിക്കുക. നിലവിൽ സംസ്ഥാനത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പല സ്ഥലങ്ങളിലും താപനില 40 ഡിഗ്രിയ്ക്ക് മുകളിലാണ്. ഈ സാഹചര്യത്തിൽ വേനൽ മഴ ചൂടിന് വലിയ ആശ്വാസമാകും.
അതേസമയം ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കേണ്ടതാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരമേഖലയിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Discussion about this post