മുംബൈ: 53 വയസ്സുകാരിയുടെ അഴുകിയ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. മുംബൈയിലെ ലാൽബാഗ് മേഖലയിലായിരുന്നു സംഭവം. ബംഗലൂരുവിൽ പ്ലാസ്റ്റിക് വീപ്പക്കുള്ളിൽ നിന്നും കഴിഞ്ഞ ദിവസം യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മുംബൈയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മുംബൈയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെട്ട സ്ത്രീയുടെ മകളെ അന്വേഷണ വിധേയമായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ബംഗലൂരുവിൽ തിങ്കളാഴ്ച രാത്രി ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് വീപ്പക്കുള്ളിൽ നിന്നുമാണ് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. നഗരത്തിൽ മൂന്ന് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ഇതോടെ, സീരിയൽ കില്ലർ ഭീതിയിലാണ് ബംഗലൂരു നഗരം. ഈ സാദ്ധ്യത പരിഗണിച്ച് തന്നെയാണ് പോലീസ് അന്വേഷണവും മുന്നോട്ട് പോകുന്നത്.
Discussion about this post