ഇസ്ലാമാബാദ് : തന്നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അറസ്റ്റ് എന്നത് വെറും നാടകമായിരുന്നുവെന്നും തന്നെ തട്ടിക്കൊണ്ട് പോകാനായിരുന്നു പോലീസിന്റെ ശ്രമമെന്നും ഇമ്രാൻ പറഞ്ഞു. ജലപീരങ്കി മുതൽ കണ്ണീർ വാതകം വരെ ഉപയോഗിച്ച ശേഷം അവർ വീടിന് നേരെ വെടിവയ്പ്പ് നടത്തിയെന്നും ഇമ്രാൻ ആരോപിച്ചു. ഇന്നലെ ഉച്ചമുതൽ വീടിന് നേരെ ആക്രമണം നടക്കുകയാണെന്നാണ് മുൻ പ്രധാനമന്ത്രി അവകാശപ്പെടുന്നത്.
ഇത് കൈവിട്ടുപോകാൻ സാധ്യതയുണ്ട്. പുറത്ത് നിന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകർ താൻ പറയുന്നത് കേൾക്കാതായിരിക്കുന്നു. തനിക്ക് അവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇനി തന്റെ പ്രതീക്ഷ നിയമത്തിലും കോടതിയിലുമാണെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. പാകിസ്താൻ ഇന്ന് നാശത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. എല്ലാവരും രാജ്യത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ച് പ്രവർത്തിക്കണമെന്നാണ് ഇമ്രാൻ ഖാന്റെ ഉപദേശം.
അതേസമയം ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പാകിസ്താൻ പോലീസിനൊപ്പം പാക് റേഞ്ചേഴ്സും അണിനിരന്നിട്ടുണ്ട്. ഇരുവിഭാഗവും ലാഹോറിൽ ഇമ്രാന്റെ വസതിക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇമ്രാന്റെ വസതിക്ക് മുന്നിൽ പാർട്ടി പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ പോലീസ് സംഘത്തെ നയിച്ച ഇസ്ലാമാബാദ് ഡിഐജി ഷഹസാദ് ബുഖാരിക്കും പരുക്കേറ്റിരുന്നു.
അവസാനം വരെ സമരം ചെയ്യണമെന്നാണ് വീഡിയോയിലൂടെ ഇമ്രാൻ ഖാൻ പ്രവർത്തകർക്ക് നൽകിയ നിർദ്ദേശം. ”എന്നെ അറസ്റ്റ് ചെയ്താൽ രാജ്യം ഉറങ്ങിക്കോളുമെന്ന് അവർ വിചാരിക്കുന്നു. അവർക്കു തെറ്റിപ്പോയെന്ന് നിങ്ങൾ തെളിയിക്കണം. താൻ കൊല്ലപ്പെട്ടാലും അവകാശങ്ങൾക്കായി സമരം ചെയ്യണം” എന്നും വീഡിയോ സന്ദേശത്തിലൂടെ ഇമ്രാൻ ആവശ്യപ്പെട്ടിരുന്നു.
Discussion about this post