തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാഴപ്പിണ്ടി പരാമർശത്തിൽ പരിഹാസവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.വാഴപിണ്ടി തപ്പി ഇറങ്ങുമ്പോൾ അമ്മാച്ചനെ ഒന്ന് തിരിച്ചു നിർത്തിയാൽ തീരുന്ന പ്രശ്‌നമേ മരുമോന് ഉള്ളൂയെന്ന് അലോഷ്യസ് സേവിയർ പരിഹസിച്ചു.
‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ …’ പാടുന്നവരുടെ നട്ടെല്ലിന് അങ്ങേരു ഉരുക്കിന്റെതാണെന്ന് സർട്ടിഫിക്കറ്റ് കൊടുത്തിട്ട് അത് അടിമകൾ വീതം വച്ച് എടുത്താട്ടെയെന്നാണ് കെഎസ്.യു സംസ്ഥാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം.
പോത്തൻകോട് ചെങ്കോട്ടുകോണത്ത് 16കാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. പിന്നാലെ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു.തുടർന്ന് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേയ്ക്കിറങ്ങി. ഈ സമയമാണ് നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത് എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ കടുത്ത ഭാഷയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Discussion about this post