തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല എന്ന് അദ്ദേഹം പ്രതികരിച്ചു.
ബിജെപിക്കെതിരെ പ്രസ്താവന ഇറക്കിയിട്ടുണ്ട്. സമരം ചെയ്തിട്ടുണ്ട് എന്നൊക്കെ കാണിക്കാൻ പത്ര കട്ടിങ്ങുമായി വരേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് എത്തി എന്നുള്ളത് ഗതികേടാണെന്നും മന്ത്രി കുറ്റപ്പെടുത്തി. നട്ടല്ല് വാഴപ്പിണ്ടിയാണെന്നത് വീണ്ടും ആവർത്തിച്ച് പറയുന്നില്ല. നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
രാഷ്ട്രീയപരമായി ചോദ്യത്തെ നേരിടാൻ പറ്റാത്തത് കൊണ്ട് വ്യക്തിപരമായി മന്ത്രിമാരെ ആക്രമിക്കുകയാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ട് മൂളിക്കൊണ്ടിരിക്കണം എന്നാണ് നിലപാട്. കേരളത്തിലെ മന്ത്രിമാർ അദ്ദേഹത്തിന്റെ വാലാട്ടിമാർ അല്ല. അദ്ദേഹം കുറെ കാലം എംഎൽഎ ആയിരുന്നിരിക്കാം. സതീശന്റെ താൻ പ്രമാണിത്വം വിലപ്പോകില്ല. സ്വന്തം പാർട്ടിയിൽ ചിലവാകാത്ത കാര്യം തങ്ങളുടെ അടുക്കൽ നടക്കില്ല. പ്രതിപക്ഷ നേതാവായി സതീശനെ പറഞ്ഞത് നാല് എംഎൽഎമാർ മാത്രമാണ്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. അദ്ദേഹം ഭാഗ്യവാനാണെന്നും റിയാസ് പരിഹസിച്ചു.
മതനിരപേക്ഷ പാരമ്പര്യമുള്ള കേരള നിയസഭ കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധിക്കാനുള്ള വേദിയാകാതിരിക്കാൻ ശ്രമിക്കരുത്. കേരളത്തിലെ മന്ത്രിമാരെ വ്യക്തിപരമായി ആക്രമിക്കുന്ന രീതി പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post