എറണാകുളം: ബ്രഹ്‌മപുരം മാലിന്യ കൂമ്പാരത്തിന് തീയിട്ട് കൊച്ചി നഗരത്തെ വിഷമയമാക്കിയതിൽ ശക്തമായ പ്രതിഷേധവുമായി ജനകീയ സമതി. ഇതിന്റെ ഭാഗമായി കൂട്ട ഉപവാസം ആരംഭിക്കും. 50 ലേറെ പ്രമുഖ കവികളും സാഹിത്യകാരന്മാരും പൗരപ്രമുഖന്മാരും കൂട്ട ഉപവാസത്തിൽ പങ്കെടുക്കും.
ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചിസ്‌ക്വയറിൽ തിങ്കളാഴ്ച രാവിലെ 10 ന് ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ 10ന് സമാപിക്കുന്ന തരത്തിലാണ് പ്രതിഷേധ പരിപാടി. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയിരിക്കുന്ന വിഷവാതകങ്ങളെ പുറന്തള്ളുന്നതിന് കാരണക്കാരായ കൊച്ചി കോർപ്പറേഷൻ പിരിച്ചുവിടുക,. മാലിന്യം തീയിട്ട സംഭവം കൊലപാതകമായി കണ്ട് ഹൈക്കോടതിയുടെ നേതൃത്വത്തിൽ ഉന്നത തല അന്വേഷണം നടത്തുക, വിദഗ്ധ സമിതി ബ്രഹ്‌മപുരം മാലിന്യ സംഭരണശാല ഏറ്റെടുക്കുക, തീപിടുത്തവുമായി ബന്ധപ്പെട്ട മുഴുവൻ സംഭവങ്ങളും അന്വേഷിച്ച് കുറ്റവാളികളെ എത്രയും പെട്ടന്ന് കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
പരിപാടി പ്രമുഖ സാഹിത്യകാരൻ കെ.എൽ.മോഹന വർമ്മ ഉദ്ഘാടനം ചെയ്യും. ആർ.എസ്.ഭാസ്‌ക്കർ, ഫാദർ പോൾ തേലക്കാട്ട്, ഡോ. എം.സി.ദിലീപ് കൂമാർ, ഡോ. സെബാസ്റ്റിയൻ പോൾ, ശ്രീകുമാരി രാമചന്ദ്രൻ, ഡോ. ഗോപിനാഥ് പനങ്ങാട്, ഐ.എസ്.കുണ്ടൂർ, എൻ.ആർ.മേനോൻ, ആർ.കെ.ദാമോദരൻ, ടി.ജി. മോഹൻദാസ്, അഡ്വ. എൻ.ഡി.പ്രേമചന്ദ്രൻ, വെണ്ണല മോഹൻ എന്നിവർ പങ്കെടുക്കും. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന സാംസ്‌കാരിക-സാഹിത്യ സംഘടനകളും സന്നദ്ധസംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂട്ട ഉപവാസത്തിൽ പങ്കാളികളാകും.
Discussion about this post