കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ യുവ സിപിഎം നേതാവ് ജെയ്ക്ക് സി തോമസ് നടത്തിയ പ്രസംഗത്തിലെ അബദ്ധങ്ങൾ ചർച്ചയാകുന്നു. ഡൽഹി ജന്തർ മന്തറിലേക്ക് പോകാൻ കേരള എക്സ്പ്രസിൽ കയറിയ കന്യാസ്ത്രീകൾ, കാസർകോട് വെച്ച് വസ്ത്രം മാറി എന്നാണ് ജെയ്ക്ക് പ്രസംഗിച്ചത്. മംഗലാപുരത്ത് എത്തിയപ്പോൾ കന്യാസ്ത്രീകൾ സിവിലിയൻ വേഷം ധരിച്ചു എന്നും ജെയ്ക്ക് പറയുന്നു.
യഥാർത്ഥത്തിൽ എറണാകുളം, പാലക്കാട്, കോയമ്പത്തൂർ വഴിയാണ് കേരള എക്സ്പ്രസ് സഞ്ചരിക്കുന്നത്. കാസർകോട്, മംഗലാപുരം റൂട്ടിൽ കേരള എക്സ്പ്രസിന് ഒരു ഷെഡ്യൂൾ പോലും ഇല്ല. ഈ സാഹചര്യത്തിലാണ്, പൊതുവേദിയിൽ ജെയ്ക്ക് നടത്തിയ പ്രസംഗം വിവാദമാകുന്നത്. ഇതോടെ, ജെയ്ക്ക് പറഞ്ഞ കന്യാസ്ത്രീകളുടെ കഥ മുഴുവൻ നുണയാണെന്ന് തെളിയുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രസംഗത്തിലെ അബദ്ധം പുറത്തായതോടെ, സോഷ്യൽ മീഡിയ ട്രോളുകളിൽ ജെയ്ക്ക് വീണ്ടും സജീവമാകുകയാണ്. എറണാകുളം, പാലക്കാട്, കോയമ്പത്തൂർ വഴി പോകേണ്ട കേരള എക്സ്പ്രസിനെ, തൃശൂർ വെച്ച് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് വിരട്ടിയാണ് ജെയ്ക്ക് കാസർകോട്, മംഗലാപുരം റൂട്ടിലേക്ക് വഴി തിരിച്ചു വിട്ടത് എന്നാണ് ഒരു ട്രോളന്റെ കമന്റ്. കാലിഫോർണിയക്ക് പോകുന്ന ഉരു ദുബായ് കടപ്പുറം വഴി തിരിച്ചു വിട്ട ‘ഗഫൂർ കാ ദോസ്ത്‘ ആണ് ജെയ്ക്ക് എന്ന തരത്തിൽ നാടോടിക്കാറ്റിലെ മാമുക്കോയ കഥാപാത്രവുമായി ചേർത്ത് വെച്ചും ട്രോളുകൾ നിറയുകയാണ്.
എന്നാൽ, തമാശയ്ക്കപ്പുറം ജെയ്ക്കിന്റെ പ്രസംഗത്തിലെ അപകടമാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മംഗലാപുരം കഴിഞ്ഞാൽ കന്യാസ്ത്രീകൾക്ക് സിവിലിയൻ വേഷം ധരിച്ചേ യാത്ര ചെയ്യാൻ പറ്റൂ എന്ന ജെയ്ക്കിന്റെ വാദം മതസ്പർദ്ധ ഉണ്ടാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഉയരുന്ന വിമർശനം. കേരളത്തിന് പുറത്തുള്ള മുഴുവൻ സംസ്ഥാനങ്ങളിലെയും കന്യാസ്ത്രീകളെയും ക്രൈസ്തവ വിശ്വാസികളെയും ജെയ്ക്ക് അപമാനിക്കുകയാണ് എന്നും വിമർശനം ഉയരുന്നു. കേരളത്തിനപ്പുറവും ലോകമുണ്ടെന്നും അവിടെയും കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും ബിജെപി ഭരിക്കുന്ന ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളായ വടക്കു കിഴക്കൻ മേഖലയെ ഉദാഹരിച്ച് പലരും ജെയ്ക്കിന് മറുപടി നൽകുന്നു.
കൂറ്റനാട് നിന്നും കുടുംബശ്രീ പ്രവർത്തകർ അപ്പവുമായി കെ റെയിലിൽ കയറിയാൽ കൊച്ചിയിൽ പോയി അപ്പം വിറ്റ് കാശുമായി ഉച്ചയ്ക്ക് മുന്നേ മടങ്ങിയെത്താം എന്ന ജാഥാ ക്യാപ്ടൻ എം വി ഗോവിന്ദന്റെ പ്രസംഗവും സോഷ്യൽ മീഡിയയിൽ ട്രോൾ മഴ തീർത്തിരുന്നു. മുഖ്യമന്ത്രിയും കുടുംബവും ഈ നാടിന്റെ ഐശ്വര്യമാണെന്ന് ഇ പി ജയരാജൻ പ്രസംഗിച്ചതും ഇതേ ജനകീയ പ്രതിരോധ യാത്രയിലായിരുന്നു. അതിന് പിന്നാലെയാണ് ജെയ്ക്കിന്റെ കേരള എക്സ്പ്രസ് പ്രസംഗവും ട്രോളന്മാർക്ക് വിരുന്നാകുന്നത്.
Discussion about this post