തൃശൂർ : കല്ലറയിൽ ഒരു ക്യു ആർ കോഡിൽ ഉറങ്ങിക്കിടക്കുകയാണ് ഐവിന്റെ ജീവിതം. ഒന്ന് സ്‌കാൻ ചെയ്ത് നോക്കിയാൽ എല്ലാം നമുക്ക് കാണാനാകും. ലോകം കാണേണ്ട പ്രായത്തിൽ ജീവിതം അവസാനിച്ചുപോയ ഒരു ഡോക്ടറുടെ ജീവിത കഥ എല്ലാവരിലേക്കും എത്തിക്കാൻ അദ്ദേഹത്തിന്റെ കുടുംബം ചെയ്തതാണിത്.
ഒമാനിൽ സൗദ് ഭവൻ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കുരിയച്ചിറ വട്ടക്കുഴി ഫ്രാൻസിസിന്റെയും സീബിലെ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ആയ ലീനയുടെയും മകനാണ് ഐവിൻ. മെഡിക്കൽ ബിരുദധാരിയായിരുന്നു ഐവിൻ. പഠനത്തിന് ശേഷം പ്രാക്ടിസ് ചെയ്യുന്ന സമയത്താണ് കോളജിലെ ഷട്ടിൽ കോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. 2021 ഡിസംബർ 22നായിരുന്നു സംഭവം. പഠനത്തോടൊപ്പം ഡ്രംസ്, ഗിറ്റാർ, കീബോർഡ്, ഫൊട്ടോഗ്രഫി, കംപ്യൂട്ടർ സോഫ്റ്റ്വെയർ ഡീകോഡിങ് എന്നിവയിലെല്ലാം ഐവിൻ പ്രാവീണ്യം നേടിയിരുന്നു.
ഐവിന്റെ ജീവിതം വരും തലമുറ അറിയണമെന്ന് കുടുംബക്കാർ ചിന്തിച്ചതോടെയാണ് ക്യൂ ആർ കോഡ് എന്ന ആശയമുണർന്നത്. ഐവിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ കൂട്ടിച്ചേർത്ത് ഒമാനിൽ ആർക്കിടെക്ടായ സഹോദരി എവ്ലിൻ നിർമിച്ച വെബ്‌സൈറ്റാണ് ക്യുആർ കോഡിലൂടെ ലഭ്യമാകുന്നത്. ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ‘എ ജാക്ക് ഓഫ് ഓൾ ട്രേഡ്‌സ്’ എന്ന മുഖവുരയോടെ, ഡിജിറ്റൽ കാലത്ത് ഐവിൻ പുനർജനിക്കും.
Discussion about this post