അമൃത്സർ: ഖാലിസ്ഥാൻ അനുകൂല സംഘടന നേതാവ് അമൃത്പാൽ സിംഗിന്റെ ദേശവിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾ ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ നിയന്ത്രണത്തിലുള്ള ലഹരി മോചന ചികിത്സാ കേന്ദ്രങ്ങളിലും ഗുരുദ്വാരകളിലും ആയുധങ്ങൾ ശേഖരിച്ചിരുന്നു. കൂടാതെ, യുവാക്കളെ ചാവേർ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുകയും അവരെ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരാക്കുകയും ചെയ്തിരുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി അമൃത്പാൽ സിംഗിന് പാക് ചാര സംഘടനയായ ഐ എസ് ഐയിൽ നിന്ന് സഹായം ലഭിച്ചിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്ക് പുറത്തുള്ള ഖാലിസ്ഥാൻ അനുകൂല സംഘടനകളും ഇയാൾക്ക് സഹായങ്ങൾ ചെയ്തിരുന്നു.
അതേസമയം, ഒളിവിൽ കഴിയുന്ന അമൃത്പാൽ സിംഗിനായി വിവിധ ഏജൻസികൾ അന്വേഷണം തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശക്തമായ നിർദേശപ്രകാരമാണ് അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് നടപടികൾ ഊർജ്ജിതമാക്കിയിരിക്കുന്നത്. അജ്നാല സംഭവത്തിന് പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനോട് ദേശവിരുദ്ധ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ അമിത് ഷാ നിർദേശം നൽകുകയായിരുന്നു.
അമിത് ഷായ്ക്കും ഭഗവന്ത് മാനുമെതിരെ വധഭീഷണി മുഴക്കിയതോടെയാണ്, അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് നടപടികൾ ശക്തമാക്കിയത്. അമിത് ഷായ്ക്ക് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അവസ്ഥ വരും എന്നായിരുന്നു അമൃത്പാൽ സിംഗിന്റെ ഭീഷണി.
Discussion about this post