ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക ടൂറിസം പദ്ധതി വൻ വിജയമാകുന്നുവെന്ന് കണക്കുകൾ. തീർത്ഥാടക ടൂറിസത്തിൽ നിന്നും 2022ൽ രാജ്യത്തിന്റെ വരുമാനം 1,34,543 കോടി രൂപയാണ്. 2021ൽ ഇത് 65,070 കോടി രൂപയായിരുന്നുവെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
2022ൽ 1,443 മില്ല്യൺ പ്രാദേശിക സഞ്ചാരികൾ തീർത്ഥാടക കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ, 6.64 മില്ല്യൺ വിദേശ സഞ്ചാരികളാണ് രാജ്യത്തെ വിവിധ തീർത്ഥാടക കേന്ദ്രങ്ങളിൽ എത്തിയത്.
2018ലും 2019ലും തീർത്ഥാടക ടൂറിസത്തിൽ നിന്നും വമ്പൻ വരുമാനം ലഭിച്ചപ്പോൾ, 2020ൽ കൊവിഡ് വ്യാപനത്തെ തുടർന്ന് വരുമാനം 50,136 കോടി രൂപയായി കുറഞ്ഞിരുന്നു.
പരമ്പരാഗത- തീർത്ഥാടക ടൂറിസം വികസിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച പ്രഷാഡ് പദ്ധതിക്ക് കീഴിൽ, വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നുണ്ട്. ഇതുവരെ ഈ പദ്ധതി പ്രകാരം 1,586.10 കോടി രൂപ വിവിധ ടൂറിസം പദ്ധതികൾക്കായി അനുവദിച്ചു കഴിഞ്ഞു. 2014ലാണ് കേന്ദ്ര സർക്കാർ പ്രഷാഡ് പദ്ധതി ആവിഷ്കരിച്ചത്.










