തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിലിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന് പോലീസ് സാന്നിധ്യത്തിൽ രണ്ട് ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്.
ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് പരാതി നൽകിയത്. ജയാനന്ദന്റെ മകൾ തന്നെയായിരുന്നു ഹൈക്കോടതിയിൽ അമ്മയ്ക്ക് വേണ്ടി ഹാജരായത്.
ബുധനാഴ്ച തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. രാവിലെ 9.00 മുതൽ 5.00 വരെ പോലീസ് സാന്നിധ്യത്തിൽ ജയാനന്ദന് വിവാഹ ചടങ്ങുകളിൽ സംബന്ധിക്കാം.
സ്ത്രീകളെ തലക്കടിച്ച് കൊലപ്പെടുത്തി ആഭരണം കവർന്നതുൾപ്പെടെ 24 കേസുകളിൽ പ്രതിയാണ് കൊടും കുറ്റവാളിയായ ജയാനന്ദൻ. 7 പേരെ കൊലപ്പെടുത്തിയ ഇയാൾ ജീവിതാവസാനം വരെ തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണ് കഴിയുന്നത്. രണ്ട് തവണ ജയിൽ ചാടിയിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടു.
Discussion about this post